ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. നായകനാകാൻ രൺബീർ കപൂർ?
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെ ജീവിതകഥ സിനിമയാകുന്നു.
താരം തന്നെയാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ബയോപികിന് സമ്മതം നൽകിയെന്നും ഹിന്ദിയിലായിരിക്കും ചിത്രം നിർമിക്കുകയെന്നും ഗാംഗുലി
വെളിപ്പെടുത്തുന്നു. എന്നാൽ സംവിധായകൻ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അദ്ദേഹം
വ്യക്തത നൽകിയില്ല.
രൺബീർ കപൂർ ആയിരിക്കും ദാദയായി അഭിനയിക്കുന്നതെന്നാണ് സൂചന. 250 കോടി രൂപ മുതൽമുടക്കിൽ
ബിഗ്ബജറ്റ് ചിത്രമായിരിക്കും വരുന്നത്. ഗാംഗുലിയുടെ ക്രിക്കറ്റ് ജീവിതം തുടങ്ങിയതുമുതൽ ബിസിസിഐ പ്രസിഡന്‍റ്
ആയതുവരെയുള്ള കാലം ചിത്രത്തിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഗാംഗുലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ
ലോകകപ്പ് നേടിയത് സ്ക്രീനിൽ എങ്ങനെ പുനരാവിഷ്കരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഋത്വിക് റോഷനെ നായകനായി ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു എന്നായിരുന്നു നേരത്തെയുള്ള ചർച്ചകൾ. എന്നാൽ
ഗാംഗുലിയോ ഋത്വിക്കോ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. ഈ വർഷം അവസാനം ചിത്രം ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതി.
ഇന്ത്യൻ ക്യാപ്റ്റൻമാരായ എം.എസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ ജീവിതം സിനിമയാക്കിയിരുന്നു.
സച്ചിന്‍റെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്‍ററിയും ഉണ്ട്. കപിൽ ദേവിന്‍റെ ബയോപിക്കും പുറത്തിറങ്ങാനുണ്ട്.