Spread the love
ഭാരതപ്പുഴ മാലിന്യ നിർമ്മാർജനം: ആദ്യ ഘട്ടത്തിന് തുടക്കമായി

പട്ടാമ്പി: ഭാരതപ്പുഴ മാലിന്യ വിമുക്തമാക്കുന്നതിനും പുഴയുടെ സുഗമമായ ഒഴുക്ക് പുനസ്ഥാപിക്കുന്നതിനുമായി ‘ഭാരതപ്പുഴ മാലിന്യ നിർമ്മാർജനം’ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് പട്ടാമ്പിയിൽ തുടക്കമായി. ഭാരതപ്പുഴയുടെ സൗന്ദര്യവൽക്കരണത്തിന്റെയും പട്ടാമ്പിയിൽ പാർക്ക് നിർമ്മാണ പ്രവർത്തിയുടെയും മുന്നോടിയായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു. പട്ടാമ്പി നഗരസഭാ ചെയർ പേഴ്സൺ ഒ.ലക്ഷ്ക്കുട്ടി അധ്യക്ഷയായി.

ജലസേചന വകുപ്പ് നാല് ലക്ഷം രൂപ ചെലവഴിച്ച് പട്ടാമ്പി നഗരസഭാ പരിധിയിലെ ഗുരുവായൂർ അമ്പലം മുതൽ പഴയ കടവ് വരെ പുഴയുടെ തീരങ്ങളിൽ അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്യുക. നേരത്തെ പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ ഈ ഭാഗത്തെ കയ്യേറ്റം ഒഴിപ്പിച്ചിരുന്നു. പാർക്ക് നിർമ്മിക്കുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ അനുവദിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.

വൈസ് ചെയർമാൻ ടി.പി. ഷാജി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയകുമാർ , ജലസേചന വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply