ന്യൂഡൽഹി: എൽപിജി സിലിണ്ടറുകൾ കൈവശം വെച്ചിരിക്കുന്നത് യാഥാർഥ ഉപഭോക്താവ് ആണോ എന്നുറപ്പാക്കാനുള്ള ഗ്യാസ് കണക്ഷൻ മസ്റ്ററിങ് (ഇകെവൈസി അപ്‌ഡേറ്റ്) സംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടത്തും. യാഥാർഥ ഉപഭോക്താവ് ആണോ എൽപിജി സിലിണ്ടറുകൾ കൈവശം വെച്ചിരിക്കുന്നതെന്ന് അറിയാനുള്ള മസ്റ്ററിങ് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.
ഗ്യാസ് കണക്ഷൻ മസ്റ്ററിങ് നടത്താനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ വൈകാതെ അറിയിക്കും. മസ്റ്ററിങ് നടത്താത്തവർക്ക് പിന്നീട് സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കാതെ വരും. മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകളടക്കം മറ്റുള്ളവർ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് വ്യാപകമാക്കുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവർ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ എല്ലാവരും അത് ചെയ്യണമെന്ന് വിതരണ കമ്പനികൾ വ്യക്തമാക്കി.
മസ്റ്ററിങ് ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും മസ്റ്ററിങ് നടത്താൻ ഉപഭോക്താക്കൾ മടി കാണിക്കുന്നതിനാൽ ഇൻഡാൻ, ഭാരത്, എച്ച്പി കമ്പനികൾ മസ്റ്ററിങ് നിർബന്ധമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
മസ്റ്ററിങ് എങ്ങനെ ചെയ്യാം?
- ആധാർ കാർഡും ഗ്യാസ് കണക്ഷൻ ബുക്കുമായി ഗ്യാസ് ഏജൻസി സന്ദർശിക്കുക.
- ഏജൻസികളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിക്കണം.
- EKYC അപ്‌ഡേറ്റ് ചെയ്തതായി രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ഒരു സന്ദേശം അയയ്‌ക്കും.
- പാചകവാതക കമ്പനികളുടെ ആപ്പ് വഴിയും മസ്റ്ററിങ് നടത്താം. ഇതിനായി കമ്പനികളുടെ ആപ്പും ആധാർ മുഖം തിരിച്ചറിയൽ ആപ്പും (ഫേസ് റെക്കഗ്നിഷൻ ആപ്ലിക്കേഷൻ) ഡൗൺലോഡ് ചെയ്യണം.
വ്യാപാര വ്യവസായ വാണിജ്യ ലൈസൻസുകൾ പിഴ കൂടാതെ എന്നുവരെ പുതുക്കാം? വീണ്ടും അവസരം
കണക്ഷൻ എടുത്തയാൾ കിടപ്പിലായാലോ സമാനമായ സാഹചര്യത്തിലോ ആണെങ്കിൽ അതേ റേഷൻ കാർഡിലുള്ള മറ്റൊരാൾക്ക് മസ്റ്ററിങ് നടത്താം. ഇതിനായി ആ വ്യക്തിയുടെ പേരിലേക്ക് കണക്ഷൻ മാറ്റണം. ഇതിന് ആധാർ കാർഡിനൊപ്പം ഗ്യാസ് ബുക്കും റേഷൻ കാർഡും ആവശ്യമാണ്. ഈ രേഖകളുമായി ഏജൻസി ഓഫീസിൽ എത്തി നടപടികൾ പൂർത്തിയാക്കാം.