മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ഗൗതം മേനോൻ. മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗൗതം മേനോൻ.
“ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ആളുകൾ പറയുന്നത്. ഇനിയും നല്ല അഭിപ്രായങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുവെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാ ജോണറിലുള്ള സിനിമകളും നമുക്ക് ചെയ്യാൻ കഴിയും. ആദ്യ ഷോ കഴിഞ്ഞതല്ലേയുള്ളൂ. ഇനിയും ആളുകൾ കാണട്ടെ. മമ്മൂട്ടി സാറിനെ വിശ്വസിച്ച് ചെയ്ത സിനിമയാണ്. ഒരുപാട് സന്തോഷമുണ്ട്. ഇനി എങ്ങനെയുണ്ടാകുമെന്ന് നമുക്ക് നോക്കാം. ബാക്കിയെല്ലാം കാര്യങ്ങളും പറയേണ്ടത് പ്രേക്ഷകരാണ്”- ഗൗതം മേനോൻ പറഞ്ഞു.
വ്യത്യസ്ത ജോണറിൽ സിനിമ ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് വ്യത്യസ്ത ജോണറിലുള്ള സിനിമയല്ലെന്നും ഇതുപോലുള്ള സിനിമ മുമ്പും താൻ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഗൗതം മേനോന്റെ മറുപടി.
സിനിമ കണ്ടതിന് ശേഷം തിയേറ്ററിന് പുറത്തിറങ്ങിയ ഗൗതം മേനോനും അണിയറപ്രവർത്തകരും കേക്ക് മുറിച്ചു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി എത്തിയ ചിത്രത്തിലെ മമ്മൂട്ടിയുടെയും ഗോകുൽ സുരേഷിന്റെയും പ്രകടനത്തെ കുറിച്ചും വളരെ നല്ല അഭിപ്രായങ്ങളാണ് പങ്കുവക്കുന്നത്.