മുംബൈ∙ മധ്യവേനൽ അവധിക്ക് വിമാനമാർഗം നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർ വിമാനടിക്കറ്റ് എടുക്കാൻ വൈകേണ്ട.
കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ ഇപ്പോഴേ കുതിപ്പ് തുടങ്ങി. മേയ് ആദ്യവാരം കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 7,800-14,000 രൂപ പരിധിയിലാണ്. തിരുവനന്തപുരത്തേക്ക് 7,500-10,000 രൂപ, കോഴിക്കോട്ടേക്ക് 6,500 രൂപ, കണ്ണൂർക്ക് 5,500 രൂപ എന്നിങ്ങനെയാണ് നിരക്ക്.
സ്കൂൾ അവധി കണക്കിലെടുത്ത് കുടുംബമായി നാട്ടിൽ പോകുന്നവർക്ക് പുറമേ മഹാരാഷ്ട്രയിൽ നിന്നുളള വിനോദസഞ്ചാരികൾ കൂടി ചേരുന്നതാണ് തിരക്കും നിരക്കും കൂടാൻ കാരണമെന്ന് ട്രാവൽ ഏജൻസി നടത്തിപ്പുകാർ പറയുന്നു. കുറഞ്ഞ അവധി ഉള്ളവരാണ് വിമാനയാത്ര തിരഞ്ഞെടുക്കുന്നവരിൽ അധികവും. അതേസമയം മുംബൈയിൽ നിന്നു കേരളത്തിലേക്കുള്ള നേത്രാവതി, മംഗള തുടങ്ങിയ പ്രധാന ട്രെയിനുകളിൽ മേയ് ഒന്നും രണ്ടും വാരങ്ങളിലെ ചില ദിവസങ്ങളിൽ ഇപ്പോഴും കൺഫേം ടിക്കറ്റ് ഉണ്ട്.
നാട്ടിലേക്ക് അവരുമുണ്ട്
എല്ലാ വർഷവും പതിവായി കേരള യാത്ര നടത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകൾ ഉണ്ടെന്ന് ട്രാവൽ ഏജൻസിക്കാർ പറയുന്നു. കേരളത്തിലെ പച്ചപ്പും കാലാവസ്ഥയുമൊക്കെയാണു ആകർഷണം. മേയ് മാസത്തിൽ മൂന്നാർ, വയനാട് തുടങ്ങിയ ഇടങ്ങളിലേക്ക് യാത്രക്കാർ വർധിക്കും.
ഉഷ്ണം കുറവുള്ള പ്രദേശങ്ങൾ ആണെന്നതാണ് പ്രധാന കാരണം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ മേഖലകളിലേക്കും യാത്രക്കാരുണ്ട്.
വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞിരിക്കുമ്പോൾ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇവരും ശ്രദ്ധിക്കുമെന്ന് ഫോർട്ടിലെ കോസ്മോസ് ട്രാവൽ ഏജൻസി ഉടമ റെജി ഫിലിപ് അറിയിച്ചു.