കമൽ ഹാസൻ ചിത്രത്തിൽ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ
കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം
വിക്രമിൽ ക്യാമറ ചെയ്യുന്നത് മലയാളത്തിലെ മുൻനിര ഛായാഗ്രാഹകരിൽ ഒരാളായ
ഗിരീഷ് ഗംഗാധരൻ. ലോകേഷ് തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘നിങ്ങളെ ഒപ്പം ലഭിച്ചതിൽ സന്തോഷം, ഗിരീഷ് ബ്രദർ’ – ഗിരീഷിനൊപ്പമുള്ള ചിത്രം
പങ്കു വച്ചു കൊണ്ട് ലോകേഷ് കുറിച്ചു.
ആക്ഷൻ ത്രില്ലർ ഗണത്തിൽ വരുന്ന ചിത്രം കമൽഹാസന്‍റെ പിറന്നാൾ ദിനത്തിലാണ്
ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകേഷിന്‍റെ കൈതി , മാസ്റ്റർ എന്നീ ചിത്രങ്ങളുടെ
ഛായാഗ്രാഹകനായ സത്യൻ സൂര്യയെ ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ
മറ്റൊരു ചിത്രത്തിന്‍റെ തിരക്കിലായതിനാൽ ഗിരീഷ് ഗംഗാധരന് അവസരം ലഭിക്കുകയായിരുന്നു.
ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെയാണ് ഗിരീഷിന്‍റെ മികവ്
രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ടത്. തമിഴിൽ അരങ്ങേറ്റം കുറിച്ച ഏ.ആർ.മുരുഗദോസിന്‍റെ വിജയ്
ചിത്രം സർക്കാരും ഹിറ്റായിരുന്നു. സമീർ താഹിറിന്‍റെ നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി എന്ന
ചിത്രത്തിലൂടെയാണ് ഗിരീഷ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. ലിജോയുടെ തന്നെ അങ്കമാലി ഡ
യറീസ്, ജോൺ പോൾ ജോർജിന്‍റെ ഗപ്പി, ശ്യാമ പ്രസാദിന്‍റെ ഹേയ് ജൂഡ് എന്നീ ചിത്രങ്ങളും
ശ്രദ്ധേയമായിരുന്നു.
വിക്രമിൽ പ്രധാന വേഷത്തിൽ മലയാളി താരം നരേൻ എത്തുന്നുണ്ട്. വില്ലൻ വേഷത്തിൽ ഫഹദ് ഫാസിലായിരിക്കും
എന്നും റിപ്പോർട്ടുകളുണ്ട്. കമൽഹാസന്‍റെ രാജ്‍കമൽ ഫിലിംസ് തന്നെയാണ് നിർമാണം. സംഗീതം അനിരുദ്ധ് ആണ്.
അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും
ലോകേഷ് അറിയിച്ചു.