Spread the love

ബറേലി : ഉത്തർപ്രദേശിൽ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ അക്രമികള്‍ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ട പതിനേഴുകാരിയുടെ കാലുകളും കയ്യും അറ്റു. സി.ബി. ഗഞ്ജ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടിയുടെ ശരീരത്തിലെ നിരവധി എല്ലുകൾ പൊട്ടിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നു പൊലീസ് അറിയിച്ചു. ഖരൗവ റെയില്‍വേ ക്രോസിനു സമീപം രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ വീട്ടുകാരാണു കണ്ടെത്തിയത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. തുടർന്ന് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. പെണ്‍കുട്ടിയുടെ ഇരുകാലുകളും മുട്ടിനുതാഴെ മുറിച്ചുനീക്കിയതായി ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. പെണ്‍കുട്ടിയ്ക്ക് ഒരു കയ്യും നഷ്ടമായി.

പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ പ്രതിയായ യുവാവും സുഹൃത്തും ശല്യംചെയ്യുന്നതു പതിവാണെന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പ്രതിയുടെ വീട്ടുകാരോടും ഇക്കാര്യം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. അതേസമയം, പെണ്‍കുട്ടിയെ പ്രതികൾ ട്രെയിനിനുമുന്നിലേക്കു തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നു കേസിന്റെ അന്വേഷണ ചുമതലയുള്ള പൊലീസ് സൂപ്രണ്ട് രാഹുല്‍ ഭാട്ടി പറഞ്ഞു. പ്രതിയെയും പ്രതിയുടെ അച്ഛനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ടു നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എല്ലാവിധ സഹായം നല്‍കാനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു.

Leave a Reply