Spread the love
girl in white dress on old armchair in basement

ഭോപ്പാൽ : മധ്യപ്രദേശിലെ ഉജ്‌ജയിനിൽ ബലാത്സംഗത്തിന് ഇരയായ 12 വയസുകാരിയെ വസ്ത്രങ്ങൾ നൽകി താൻ സഹായിച്ചിരുന്നെന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ റോഡിൽ വിട്ടു എന്നതു മാത്രമാണു താൻ ചെയ്ത കുറ്റമെന്നും ഓട്ടോ ഡ്രൈവർ പൊലീസിനോടു പറഞ്ഞു. താൻ ധരിച്ചിരുന്ന കാക്കി ഷർട്ട് പെൺകുട്ടിക്കു നൽകിയതായും ആശുപത്രിയിൽ എത്തിക്കാതിരുന്നതിൽ തനിക്കു ഖേദമുണ്ടെന്നും രാകേഷ് വിശദീകരിച്ചു.

‘പെൺകുട്ടിക്ക് ഷർട്ട് നൽകി. വീട്ടിൽ പോകണമെന്നായിരുന്നു പെൺകുട്ടി ആവശ്യപ്പെട്ടത്. എന്നാൽ ഞാൻ ആശങ്കയിലായിരുന്നു. ആദ്യമായാണ് ഇത്തരം അവസ്ഥയുണ്ടാവുന്നത്. ആരോടു പറയണമെന്ന് അറിയില്ലായിരുന്നു’’– രാകേഷ് പറഞ്ഞു. ഓട്ടോയിൽ രക്തക്കറ കണ്ടതിനെ തുടർന്നു പിടികൂടിയ രാകേഷ് നാലു രാത്രിയാണു പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞത്. ഇയാൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് സംശയിച്ചിരുന്നു. രാകേഷിനു പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ഉടൻ തന്നെ വിവരം റിപ്പോർട്ട് ചെയ്യുകയും ചെയ്യാമായിരുന്നെന്നും പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ പെൺകുട്ടിയെ സഹായിക്കാതിരുന്നവർക്കെതിരെ നിയമനടപടിയുണ്ടാവുമെന്നും കുറ്റക‍ൃത്യം റിപ്പോർട്ട് ചെയ്യാത്തതിനു പോക്സോ വകുപ്പു പ്രകാരം നടപടി നേരിടേണ്ടിവരുമെന്നും ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. മണിക്കൂറുകളാണു ബലാത്സംഗത്തിനിരയായ പെൺകുട്ടി സഹായം ആവശ്യപ്പെട്ടു വീടുകൾ കയറിയിറങ്ങിയത്. എന്നാൽ ആരും തന്നെ പെൺകുട്ടിയെ സഹായിക്കാൻ മുതിർന്നില്ല. പിന്നാലെ ഒരു ക്ഷേത്രത്തിലെ പുരോഹിതനാണു പെൺകുട്ടിയെ സഹായിക്കുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തത്.

Leave a Reply