സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് വയനാട് ദുരന്തത്തിലെ അതിജീവിതർ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരു നാട് മൊത്തം ഒലിച്ചുതാണപ്പോൾ വീടും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ. ഇനി എന്തെന്നോ, എവിടേക്കെന്നോ, കൂടെ ആരൊക്കെയെന്നോ ഉറപ്പില്ലാത്തവർ. മാറിയുടുക്കാൻ ഒരു തുണി പോലും ബാക്കി വയ്ക്കാതെ സകലതും ഉരുള് പറിച്ചെടുത്തു കൊണ്ടുപോയപ്പോൾ ഒന്നുമില്ലാതായി മാറിയ സാധു മനുഷ്യരിപ്പോൾ തങ്ങളെ സന്ദർശിക്കുന്ന ഓരോരുത്തരോടും സഹായത്തിനായി നിസ്സഹായരായി കേഴുകയാണ്.
ഇത്തരത്തിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനും സഹായങ്ങൾ ഏകോപിപ്പിക്കാനുമെത്തിയ സ്ഥലം എംപി കൂടിയായ രാഹുൽ ഗാന്ധിയോട് ഹൃദയം പൊട്ടി സങ്കടം പറയുന്ന വൃദ്ധയുടെ വാക്കുകളാണ് ഇപ്പോൾ നോവായി മാറിയിരിക്കുന്നത്. ”ഉരുൾപൊട്ടലിൽ വീട് പോയി, കൊച്ചുമകളുടെ കല്യാണം നടക്കാനിരിക്കുകയാണ്, കൈവിടരുത് സാറേ…” എന്നായിരുന്നു നബീസുമ്മ രാഹുൽ ഗാന്ധിയോട് പറഞ്ഞത്.. കഥകൾ കേട്ടതോടെ നബീസുമ്മയ്ക്ക് വീട് വെച്ച് തരാം എന്ന് രാഹുൽഗാന്ധി ഉറപ്പു നൽകിയപ്പോൾ വിവാഹം നടത്തി തരാമെന്ന് വി.ഡി സതീശനും ഉറപ്പ് നൽകി.
പ്രിയങ്ക ഗാന്ധിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൽപ്പറ്റ എംഎൽ ടി സിദ്ദിഖിനൊപ്പം മേപ്പാടി സെന്റ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയപ്പോഴായിരുന്നു രാഹുൽഗാന്ധിയോട് അന്തേവാസികളുടെ വികാരപ്രകടനങ്ങൾ. പലരും തങ്ങളുടെ വിഷമങ്ങളും ദുരിതങ്ങളും എംപിയോട് പറഞ്ഞു. മുഴുവൻ ആളുകളുടെയും വേദനകൾ കേട്ട രാഹുൽ ഗാന്ധി കൂടെയുണ്ടാകുമെന്ന് ഉറപ്പും നൽകി.