വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമി’ന്റെ കേരളത്തിലെ ആദ്യ ഷോയുടെ സമയം പുറത്തുവിട്ട് കേരള വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ്. പുലർച്ചെ 4 മണി മുതൽ കേരളത്തിൽ ‘ഗോട്ടി’ന്റെ പ്രദർശനം ആരംഭിക്കും. 4 മണിക്ക് സ്ക്രീനിംഗ് അനുവദിച്ചതിന് നിർമാതാക്കളായ എജിഎസ് പ്രൊഡക്ഷന് നന്ദി പറഞ്ഞുകൊണ്ടുള്ള ക്യാപ്ഷനൊപ്പമാണ് ഗോകുലം മൂവിസ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. തമിഴ് നാട്ടിൽ 9 മണി മുതലായിരിക്കും ചിത്രത്തിന്റെ ആദ്യ ഷോ.
‘ലിയോ’ക്ക് ശേഷം ഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന വിജയ് ചിത്രമാണിത്. ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയത്. ചിത്രത്തിൽ വിജയ്‌യുടെ ഡീഏജിങ് ലുക്കിനും ഗാനങ്ങൾക്കും സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മിഷൻ ഇമ്പോസ്സിബിൾ സ്റ്റൈലിൽ ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനർ ആകും ‘ഗോട്ട്’ എന്നാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ ദിലീപ് സുബ്ബരായൻ പറഞ്ഞത്.
മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.