അപരിചിതരുമായി ചങ്ങാത്തം കൂടിയ ശേഷം അവര്‍ക്ക് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കിയ ശേഷം സ്വര്‍ണവും പണവും കവരുന്ന സീരിയല്‍ കില്ലര്‍മാരായ സ്ത്രീകള്‍ പിടിയില്‍. ആന്ധ്രാപ്രദേശിലെ തെനാലിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നീ സ്ത്രീകളെയാണ് വ്യാഴാഴ്ച ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുമായി പരിചയപ്പെടുന്നവര്‍ പാനീയങ്ങള്‍ കഴിക്കുന്നതോടെ തല്‍ക്ഷണം മരിക്കുകയും ഈ തക്കം നോത്തി വിലപിടിപ്പുള്ള മോഷ്ടിക്കുകയുമാണ് സ്ത്രീകളുടെ രീതി. ഈ വർഷം ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. നാലുപേരെ ഇതിനോടകം കൊലപ്പെടുത്തിയിട്ടുണ്ട്. രണ്ടുപേരെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. പിടിയിലായ മഡിയാല വെങ്കിടേശ്വരി എന്ന 32കാരി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. തെനാലിയിൽ നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ കയ്യില്‍ നിന്നും സയനൈഡും മറ്റ് തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
യുവതികൾ കുറ്റം സമ്മതിച്ചതായി തെനാലി പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ പറഞ്ഞു. ആളുകൾ ജാഗ്രത പാലിക്കണമെന്നും അപരിചിതരുമായി എളുപ്പത്തിൽ ചങ്ങാത്തം കൂടരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.