കേരളത്തിൽ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് വർധനവ്. പവന് 520 രൂപ കൂടി ഉയർന്ന് 64,280 രൂപയിലെത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 65 രൂപ കൂടി 8035 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 6,574 രൂപയാണ് വില. വെള്ളിവിലയിൽ മാറ്റമില്ല. ഈ മാസം രണ്ടാമത്തെ തവണയാണ് പവൻ വില 64,000 കടക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 108 രൂപയാണ് വില. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജുകൾ എന്നിവയടക്കം ഏകദേശം 70000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. സ്വർണവിലയുടെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ഉപഭോക്താക്കൾ നൽകണം.
കഴിഞ്ഞ മാസം 22നാണ് പവൻ വില ആദ്യമായി 60,000 രൂപ കടന്നത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 64,000 കടന്ന് കുതിപ്പ് തുടരുകയാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലെ ഈ വർധനവിന് കാരണം. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷമുള്ള അനിശ്ചിതത്വം മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യകത വർധിച്ചിട്ടുണ്ട്.