സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇതോടെ വില 65,800 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയുമായി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില 66,000ത്തിന് താഴെയെത്തുന്നത്.
ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരുന്ന സ്വർണവില ഈ മാസം മൂന്ന് തൊട്ടാണ് ഇടിയാൻ തുടങ്ങിയത്. അന്ന് പവന് 68,480 രൂപയായിരുന്നു. പിറ്റേന്ന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു. അന്നുതൊട്ട് ഇന്ന് വരെ പവന് രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് ഉണ്ടായത്. സ്വർണം വാങ്ങാൻ പോകുന്നവരെ സംബന്ധിച്ച് ഇതൊരു ലോട്ടറി തന്നെയാണ്. വരും ദിവസങ്ങളിലും ഈ പ്രവണത തുടർന്നേക്കും. പവന് അരലക്ഷത്തിൽ താഴെ പോകുമെന്നാണ് പലരുടെയും കണക്കുകൂട്ടൽ.
സ്വര്‍ണ വിലയില്‍ 38 ശതമാനം വരെ ഇടിവ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്. വരാനിരിക്കുന്ന ആഗോള രാഷ്ട്രീയ സാഹചര്യവും വിപണിയിലെ ട്രെന്‍ഡും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ വില വൈകാതെ കുത്തനെ ഇടിയുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ 70,000 രൂപ കൊടുത്താലും ഒരു പവൻ സ്വർണം കിട്ടാത്ത സ്ഥിതിയായിരുന്നു. പണപ്പെരുപ്പം, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒപ്പം അത് സൃഷ്ടിച്ച സാമ്പത്തിക അസ്ഥിരത എന്നിവ സ്വര്‍ണ വില വര്‍ദ്ധിക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സാമ്പത്തിക രംഗത്ത് വലി തിരിച്ചടിയുണ്ടാകുമെന്ന തോന്നല്‍ നിക്ഷേപകരെ മറ്റ് ഇടപാടുകളില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്, ഇതില്‍ നല്ലൊരു പങ്കും ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കണ്ടു. അത് വലിയ തോതില്‍ സ്വർണ വില ഉയരാന്‍ കാരണമായി.