Spread the love
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില (Gold Price) റെക്കോഡ് ഇടിവ്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു. ഇന്നത്തെ സ്വര്‍ണ്ണവില 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4820 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 38560 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില.

ഹോള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 100 രൂപയാണ് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 75 രൂപയായി. 2020 ഓഗസ്റ്റ് 7 നാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു സ്വര്‍ണ്ണ വില. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ആണ് എല്ലാദിവസവും കേരളത്തിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഡോളര്‍ നിലവാരത്തില്‍ ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍( LBMA)ല്‍ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് അറിയുന്നു. അതനുസരിച്ച് മുംബെെ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്.

ആവശ്യമാണെങ്കില്‍ വലിയ വില വ്യതിയാനമുണ്ടാവുകയാണെങ്കില്‍ വില കൂട്ടുകയും, കുറയ്ക്കുകയും ചെയ്യാറുണ്ട്. യഥാര്‍ത്ഥ വിലയില്‍ നിന്നും രണ്ട് ശതമാനം വരെ ലാഭം എടുക്കാമെന്ന് അസോസിയേഷന്‍റെ തീരുമാനമുണ്ടെങ്കിലും ക്രമാതീതമായ വില വര്‍ദ്ധനവ് കാരണം ലാഭമെടുക്കാതെയാണ് ഇന്നലെ വില നിശ്ചയിച്ചത്.

ഇന്നലെ ഗ്രാമിന് രാവിലെ 5070 രൂപ എന്നുള്ള വിലയാണ് കേരളത്തിലെ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഉച്ചക്ക് ശേഷം അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ കുറവും, രൂപ കരുത്ത് നേടുകയും ചെയ്തതോടെ സ്വര്‍ണ വില കുറയ്ക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. അതനുസരിച്ച് സ്വര്‍ണത്തിന് 90 രൂപ ഗ്രാമിന് കുറഞ്ഞു.സ്വര്‍ണ വില ഗ്രാമിന് 4980രൂപയും പവന് 39840 രൂപയുമായി.

Leave a Reply