സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 160 രൂപ കൂടി 66,480 രൂപയായി. 8,310 രൂപയാണ് ഗ്രാമിന്. 20 ദിവസത്തിനിടെ പവന്റെ വിലയിൽ 2,960 രൂപയാണ് വർധിച്ചത്. മാർച്ച് ഒന്നിന് 63,520 രൂപയായിരുന്നു പവന്റെ വില.
നിരക്കിൽ തത്ക്കാലം മാറ്റംവരുത്തേണ്ടെന്ന യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനമാണ് സ്വർണം നേട്ടമാക്കിയത്. രാജ്യാന്തര ട്രോയ് ഔൺസിന് 3,052 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
വില കുതിച്ചതോടെ ഒരു പവൻ സ്വർണാഭരണം ലഭിക്കാൻ 72,000 രൂപയെങ്കിലും നൽകേണ്ട സ്ഥിതിയാണ്. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പടെയാണിത്.