Spread the love
സ്വർണം തട്ടിയെടുത്ത കേസ് : രണ്ടുപ്രതികൾ കോടതിയിൽ കീഴടങ്ങി

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളം വഴിയെത്തിയ കൊടുവള്ളി സംഘത്തിന്റെ 1.65 കിലോ സ്വർണം കാരിയറെ ആക്രമിച്ച് കവർന്നയാളെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികൾ മൂന്ന് വർഷങ്ങൾക്ക് ശേഷം കോടതിയിൽ കീഴടങ്ങി. കൊടുവള്ളി മാനിപുരം കളരാന്തിരി സ്വദേശി പുറായിൽ മുഹമ്മദ് ഷമീർ, കളരാന്തിരി വി.കെ. അഹമ്മദ് കോയ എന്നിവരാണ് കുന്ദമംഗലം കോടതിയിൽ കീഴടങ്ങിയത്. ഷമീർ മൂന്നുവർഷം വിദേശത്തായിരുന്നു. ഫൈസൽ നാട്ടിലും ഒളിവിലായിരുന്നു.

2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുവള്ളി സംഘം നൗഷാദ് എന്ന കാരിയറുടെ കൈവശം ഒന്നരക്കിലോ സ്വർണം നാട്ടിലേക്ക് കൊടുത്തുവിട്ടു. ഈ വിവരം കാരിയർ മറ്റൊരു സംഘത്തെ അറിയിച്ചു. കരിപ്പൂരിൽ വിമാനം ഇറങ്ങിയ ഉടനെ കാരിയർ മറ്റൊരു വാഹനത്തിൽ സ്വർണവുമായി കടന്നുകളഞ്ഞു. കാരിയറിനെയും സംഘത്തെയും തിരിച്ചറിഞ്ഞ അഹമ്മദ് കോയയും ഷമീറും ഇവരെ പിടികൂടാനും സ്വർണം തട്ടിയെടുക്കാനുമായി കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിനു ക്വട്ടേഷൻ നൽകി. ഇവർ കാസർകോട് നിന്നും കാരിയറെയും സംഘത്തെയും പിടികൂടി.

തുടർന്ന് ഉപ്പളയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട് ഇവരെ മർദിച്ചു. കാരിയറും സംഘവും സ്വർണം ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് കാക്ക രഞ്ജിത്തിനോട് പറഞ്ഞു. ഇവർ ഒരുകിലോ സ്വർണം വീണ്ടെടുക്കുകയും ചെയ്തു. ഇതിനിടെ കാരിയറുടെ സംഘത്തിലെ ഒരാളുടെ മാതാവ് മകനെ കാണാനില്ലെന്നു പറഞ്ഞ് കുന്ദമംഗലം പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്വർണക്കടത്ത് ബന്ധത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.

Leave a Reply