തിരുവനന്തപുരം∙ സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ സോഷ്യൽ മീഡിയ താരം പൊലീസ് പിടിയിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി ‘മീശ വിനീത്’ എന്നറിയപ്പെടുന്ന വിനീതിനെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽനിന്നു പണയം വയ്ക്കുന്നതിനായി 6 പവൻ സ്വർണ്ണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു.സ്വർണ്ണം തിരികെ നൽകാമെന്നു പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്കു ക്ഷണിച്ചു. ഇതനുസരിച്ച് തിരുവനന്തപുരത്തുനിന്നും യുവതി കിളിമാനൂരിൽ എത്തി. ബസിൽ വന്നിറങ്ങിയ യുവതിയെ വിനീത് ബൈക്കിൽ കയറ്റി വെള്ളല്ലൂരിലെ സ്വന്തം വീട്ടിൽ എത്തിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന്, യുവതി കിളിമാനൂർ പൊലീസിൽ പരാതി നൽകി.
കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് വിനീതിനെ പിടികൂടുകയായിരുന്നു. കാറും സ്കൂട്ടറും ഉൾപ്പെടെ മോഷണത്തിന് കന്റോൺമെന്റ്, കല്ലമ്പലം, നഗരൂർ, മംഗലപുരം സ്റ്റേഷനുകളിലും അടിപിടി നടത്തിയതിനു കിളിമാനൂരിലും ഉൾപ്പെടെ പന്ത്രണ്ടോളം കേസുകൾ വിനീതിന്റെ പേരിലുണ്ട്.