Spread the love

ഒടുവിൽ ഗൂഗിളും പരസ്യം നിർത്തി; റഷ്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്

മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിന്റെയും ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ ഉപരോധങ്ങളും നിയന്ത്രണങ്ങളും വിലക്കുകളും വർദ്ധിക്കുകയാണ്. ഏറ്റവും ഒടുവിൽ ഗൂഗിളാണ് റഷ്യയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. റഷ്യയുടെ മീഡിയ ഔട്ട്‌ലെറ്റുകൾക്ക് ഇനിമുതൽ പരസ്യവരുമാനം നൽകുകയില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി.
സമാനരീതിയിൽ കഴിഞ്ഞ ദിവസം യൂട്യൂബും ഫേസ്ബുക്കും നടപടിയെടുത്തിരുന്നു. പുതിയ അക്കൗണ്ടുകൾ അനുവദിക്കില്ലെന്ന് ട്വിറ്ററും അറിയിച്ചു. ഇതിന് പിന്നാലെയാണ് ഗൂഗിളിന്റെ പ്രഖ്യാപനം.

യുക്രെയ്‌നിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമുകളിൽ നിന്നും റഷ്യൻ മീഡിയകൾക്ക് വിതരണം ചെയ്യുന്ന പരസ്യവരുമാനം താൽകാലികമായി നിർത്തുകയാണ്. നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ നിരീക്ഷിച്ച് ആവശ്യമെങ്കിൽ പുതിയ നടപടികൾ സ്വീകരിക്കുമെന്നും ഗൂഗിൾ പ്രസ്താവനയിലൂടെ അറിയിച്ചു.

റഷ്യൻ മാദ്ധ്യമങ്ങൾക്കേറ്റ കനത്ത പ്രഹരമാണ് ടെക് ഭീമൻമാരുടെ നീക്കമെന്നാണ് വിലയിരുത്തൽ. അതേസമയം യുക്രെയ്‌നിൽ റഷ്യയുടെ ആക്രമണം അഞ്ചാം ദിനവും രൂക്ഷമായി തുടരുകയാണ്. ബെർദ്യാൻസ്‌ക് നഗരവും റഷ്യ പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്. ഇതിനിടെ റഷ്യയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. റൂബിളിന്റെ മൂല്യം 30 ശതമാനം ഇടിഞ്ഞുവെന്നാണ് വിവരം.

Leave a Reply