പട്ടാമ്പിക്കടുത്ത് കോതച്ചിറ വെങ്ങാറ്റുരിൽ വടക്കത്തു ഗോപാലൻ നായരുടെയും ഉണ്യാതി നങ്ങേമ്മയുടെയും മകനായി 1937 ൽ ഇടവമാസത്തിലെ അത്തം നാളിൽ ജനനം.
കലാമണ്ഡലം കൃഷ്‌ണൻനായർക്കും കലാമണ്ഡലം രാമൻകുട്ടി നായർക്കും ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ് ഗോപി ആശാനെ വാഴ്‌ത്തപ്പെടുന്നത്.കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതിൽ ഇദ്ദേഹം പ്രധാനപങ്കുവഹിച്ചു. കഥകളിയിലെ ഏതാണ്ട് എല്ലാ വേഷങ്ങളിലും ഗോപി ആശാൻ തിളങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ് കൂടുതൽ ആസ്വാദകപ്രശംസ നേടിയത്. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്‌ക്കൽ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്.
കലാമണ്ഡലം ഗോപി കടൽ പോലെയാണ് എന്നാണ് വിശേഷണം. ഓരോ അരങ്ങിലും ഗോപി ആശാൻ കടന്നുവരുമ്പോൾ കാണികളുടെ ആവേശം ആർജ്ജിച്ചിരുന്നു. 84വയസ്സ് തികയുമ്പോഴും കാഴ്ച്ചക്കാർക്ക് ഗോപിയശാനെ കണ്ടു മതിവരുന്നില്ല.
നാറേരി മനയ്ക്കൽ ആണ് തുള്ളൽ പഠിച്ചുതുടങ്ങിയത്. പിന്നീട് തെക്കിൻ കാട്ടിൽ രാവുണ്ണി നായരുടെ അടുത്ത് കഥകളി പഠിച്ചു. പട്ടാളത്തിൽ ചേരാൻ ഒളിച്ചോടിയപ്പോൾ ചായക്കടക്കാരൻ മാപ്പിള പിടികൂടി തിരിച്ചു മനയ്ക്കൽ എത്തിക്കുകയായിരുന്നു. ചായക്കടകാരൻ അങ്ങനെ ചെയ്തില്ലഎങ്കിൽ ഒരിക്കലും കലാമണ്ഡലം ഗോപി ഉണ്ടാകുമായിരുന്നില്ല.
ആരാധകന്റെ മനസ്സിൽ പ്രണയത്തിന്റെ രാജഹംസങ്ങളെ പറത്തിവിട്ട നളനായിരുന്നു ഗോപി ആശാൻ. മദ്യത്തിന്റെ അടിമത്തത്തിൽ ജീവിതം നശിച്ചിരുന്നു. തന്റെ ഭാര്യയുമായി വഴക്കിട്ടതിന് ശേഷം കയ്യിൽ ഉണ്ടായിരുന്ന വേദനസംഹാരി ഗുളിക മുഴുവൻ കഴിച് അബോധഅവസ്ഥയിലേക്ക് പോയിരുന്നു അദ്ദേഹം. മരണം അടുത്തെത്തിയിട്ടും അതിനു വണങ്ങി കൊടുക്കാതെ ജീവിതത്തിലേക്ക് തിരിച്ചു വന്നു ആശാൻ.
കലാമണ്ഡലം ഗോപി ആശാനെ എന്നും കൈപിടിച്ച് ഉയർത്തിയത് ഗുരുസ്മരണയാണ്. മരണത്തിൽ നിന്നുപോലും രക്ഷനൽകിയതും പത്മനാഭനാശൻ ആയിരുന്നു. ഏതു ഉറക്കത്തിലും ലഹരിയിലും ഗുരുക്കൻമാരുടെ ശബ്‌ദം തിരിച്ചറിഞ്ഞിരുന്നു. അതിനു മുന്നിൽ ഒരു ചുവടും മുദ്രയും പിഴച്ചിരുന്നില്ല. ഭാര്യക്കും കുട്ടികൾക്കും സദസ്സിനു മുന്നിലെല്ലാം ഒരിക്കൽ തോൽക്കേണ്ടി വന്നൊരു മനുഷ്യൻ സ്വന്തം ഉള്ളിലെ കനൽ ഊതിയൂതി കത്തിച്ചു സ്വയം വിളക്കായി മാറിയയതാണ് ഗോപിയാശാന്റെ 84വർഷത്തെ ജീവിതം.