സെലിബ്രിറ്റികളിൽ മിക്കപ്പോഴും സൈബർ ആക്രമണങ്ങൾക്കിരയാകേണ്ടി വരാറുള്ളത് സ്ത്രീകളാണ്. പുരുഷ താരങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളിൽ മലയാളികൾ പൊതുവെ കാര്യമായി പങ്കെടുക്കാറില്ല എന്നു വേണം പറയാൻ. പക്ഷെ അപ്പോഴും സിനിമയിലെ ചെറിയ കൂട്ടം വിമർശന കല്ലേറ് കൊള്ളാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ.
ഗോപി എന്ത് ചെയ്താലും ശെരിയും തെറ്റും ചികയലാണ് സോഷ്യൽ മീഡിയ നിവാസികളിൽ ചിലരുടെ പണി. ഗോപിയുടെ മുൻ ബന്ധങ്ങളും തുടരെയുള്ള പങ്കാളികളുമാമായുള്ള വേർപിരിയലും, വിവാഹം കഴിക്കാതെയുള്ള ബന്ധം എന്ന കാഴ്ചപ്പാടുമൊന്നും പലർക്കും ദഹിക്കാത്തതുകൊണ്ട് തന്നെ തരം കിട്ടിയാൽ താരത്തെ ആക്രമിക്കലാണ് പലരുടെയും വിനോദം.
ഇത്തരത്തിൽ ‘വൺ ലൈഫ്’ എന്ന അടിക്കുറിപ്പോടെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രത്തിനും വിമർശനങ്ങളും പരിഹാസ കമന്റുകളും വന്നുനിറയുകയാണ്. ‘എന്താണൊരു കള്ളച്ചിരി, പുതിയതെടുത്തോ’ എന്നു ചോദിച്ച് ലോങ് സ്പേസ് ഇട്ട ശേഷം ‘ഐ ഫോണ്‍ 16?’ എന്നു കൂടി ചേർത്തായിരുന്നു ഒരു കമന്റ്. ‘എന്‍റെ കയ്യില്‍ ഐ ഫോണ്‍ 20 ഉണ്ട്. നിന്‍റെ ഫോണ്‍ എപ്പോള്‍ അപ്ഡേറ്റ് ചെയ്യും എന്നറിയിക്കൂ’ എന്നാണ് ഗോപി സുന്ദർ ഇതിനു മറുപടി നൽകിയത്. വിമർശനാത്മകമായ കമന്റുകൾകളോടെല്ലാം ഗോപി സുന്ദർ പ്രതികരിച്ചിട്ടുണ്ട്. സൗന്ദര്യ രഹസ്യം എന്താണെന്ന് ഒരാൾ ചോദിച്ചപ്പോൾ ‘ഈ നിമിഷം ജീവിക്കുക. മറ്റുള്ളവർ എന്ത് പറയുന്നു എന്നു നോക്കാറില്ല. എന്റെ ലോകം, എന്റെ ജീവിതം, എന്റെ നിയമം. അതൊരു രഹസ്യമല്ല’ എന്നാണ് ഗോപി സുന്ദർ മറുപടിയായി കുറിച്ചത്.