വിവാദങ്ങളും വിമർശനങ്ങളുമെല്ലാം താണ്ടി കനത്ത പ്രേക്ഷക പിന്തുണയോടെ തിയേറ്ററിലും ജനഹൃദയങ്ങളിലും മുന്നേറുകയാണ് പൃഥ്വിരാജ് സംവിധാനത്തിൽ മാർച്ച് അവസാനം തിയറ്ററിൽ എത്തിയ എമ്പുരാൻ. നിലവിൽ ഇന്ത്യൻ സിനിമയിലെ തന്നെ റെക്കോർഡുകൾ തകർത്തൊരു മോഹൻലാൽ സിനിമയാണ് എമ്പുരാൻ. റിലീസ് ചെയ്ത ആദ്യദിനം 50 കോടി ക്ലബ്ബിലെത്തിയ ഈ ലൂസിഫർ ഫ്രാഞ്ചൈസി അഞ്ചാം നാൾ 200 കോടി ക്ലബ്ബിലും ഇടം നേടി.
മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ, തോമസ്, മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടൻ, സാനിയ അയ്യപ്പൻ തുടങ്ങിയവർ അണിനിരന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. സുജിത്ത് വാസുദേവൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ദീപക് ദേവുമായിരുന്നു. ഇപ്പോഴിതാ എമ്പുരാനിലെ ദീപക് ദേവിന്റെ സംഗീതത്തെ വിമർശിച്ച വ്യക്തിക്ക് സുഹൃത്തും സംഗീത സംവിധായകനുമായ ഗോപി സുന്ദർ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.
താൻ ഈണമിട്ട ചില ഹിറ്റ് സിനിമകളിലെ പശ്ചാത്തല സംഗീതത്തിന്റെ യൂട്യൂബ് ലിങ്കുകൾ ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനു താഴെ ദീപക് ദേവിന്റെയും ഗോപി സുന്ദറിന്റെയും പശ്ചാത്തലസംഗീതങ്ങൾ തമ്മിൽ താരതമ്യം ചെയ്ത് നിരവധി പേർ കമന്റുകളുമായി എത്തിയതോടെ കഥ മാറുകയായിരുന്നു. ‘ദീപക് ദേവ്, ഇങ്ങനെ വേണം സാധനം ഇറക്കി വിടാൻ. അല്ലാതെ കുറേ അലറിച്ച മാത്രം പോര’ എന്നാണ് ഒരാൾ കുറിച്ചത്. പിന്നാലെ ഗോപി സുന്ദറിന്റെ മറുപടി എത്തി. ‘സുഹൃത്തേ, എന്റെ സഹോദരൻ ദീപക് അതിഗംഭീര സംഗീതജ്ഞനാണ്. അദ്ദേഹത്തേപ്പോലൊരു പ്രതിഭയെ ഇങ്ങനെ വിലയിരുത്തരുത്’, എന്നാണ് ഗോപി സുന്ദറിന്റെ പ്രതികരണം.
അതേസമയം ഗോപി സുന്ദറിന്റെ മലയാള സിനിമയിലെ അഭാവം ചൂണ്ടിക്കാട്ടിയ ആരാധകനും താരം മറുപടി നൽകിയിട്ടുണ്ട്. മലയാളത്തിലെ മുഖ്യധാരാ സംവിധായകർ തന്നെ പരിഗണിക്കും എന്നാണ് വിശ്വാസം എന്നും ഇത്രയും നാൾ അന്യഭാഷാ ചിത്രങ്ങളിൽ തിരക്കായി പോയതാണെന്നും ഇനി താൻ മലയാളത്തിൽ സജീവമാകും എന്നുമാണ് ഗോപി സുന്ദർ പറഞ്ഞത്.