Spread the love

ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ ​ഗോവിനാഥ് മുതുകാട് സോഷ്യൽ മീഡിയയിൽ കുറിച്ച സന്ദേശം വൈറലാകുന്നു.അരികിലില്ലാത്ത അച്ഛന് നന്ദി നേരിടലാണ് ജീവിതമെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദിയെന്നാണ് മുതുകാട് പറയുന്നത്. പണ്ട് മാജിക് ട്രൂപ്പിനായി വൻതുക കടമെടുത്ത് വാങ്ങിയ വണ്ടിയുടെ ലോൺ തിരിച്ചടക്കാൻ സാധിക്കാതെ വന്നപ്പോൾ ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചതും എന്നാൽ ആ സാഹചര്യത്തിൽ അച്ഛൻ ഉപദേശിച്ചതും മുതുകാട് കുറിച്ചു. അതിജീവനമാണ് ജീവിതത്തിന്റെ സൗന്ദര്യമെന്ന് മുതുകാട് പറയുന്നു.

കുറിപ്പിങ്ങനെ, ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം.കെഎൽഎം 3037 പണ്ട് മാജിക് ട്രൂപ്പിന് വേണ്ടി വൻ തുക കടമെടുത്ത് വാങ്ങിയ പഴയ വണ്ടി. (കൂടെയുള്ളത് മാമ എന്ന് ഞങ്ങൾ സ്‌നേഹപൂർവ്വം വിളിക്കുന്ന ഡ്രൈവർ നാരായണൻ) ഈ വണ്ടി ഒരു കാലത്തെ എന്റെ എടുത്തുചാട്ടവും മണ്ടത്തരവുമായിരുന്നു. മാജിക് ഷോയ്ക്ക് ബുക്കിംഗ് കിട്ടാതെയായപ്പോൾ, അടവ് തിരിച്ചടക്കാനാവാതെ വന്നപ്പോൾ, പലിശയും പലിശയുടെ പലിശയും കുമിഞ്ഞു കൂടിയപ്പോൾ എന്നെ ആത്മഹത്യയുടെ അരികിലെത്തിച്ച വാഹനം. അടുത്ത നാളിൽ അച്ഛൻ എന്റെ കൈയിൽ പണം വച്ചുതന്നതിനു ശേഷം പറഞ്ഞൊരു വാചകമുണ്ട്.

‘നീ ഇവിടെ ജീവിതം അവസാനിപ്പിച്ചാൽ നിനക്ക് സുന്ദരമായ നിന്റെ ജീവിതം നഷ്ടപ്പെടും. ഞങ്ങൾക്ക് നിന്നെയും നഷ്ടപ്പെടും. പക്ഷെ ലോകത്തിന് ഒന്നും നഷ്ടപ്പെടാനില്ല. അത് ഇതേപോലെ മുന്നോട്ടുപോകും. എന്നാൽ ഇത്തരം പ്രശ്‌നങ്ങളെ തോൽപ്പിച്ച്‌ നീ ജീവിക്കാൻ പഠിച്ചാൽ അത് നിന്നെ ഏതു പ്രശ്‌നങ്ങളെയും നേരിടാൻ പഠിപ്പിക്കും.’ അരികിലില്ലാത്ത അച്ഛന് നന്ദി. അന്ന് മനസ്സിലാക്കിയതാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നും നേരിടലാണ് ജീവിതമെന്നും. തോൽക്കരുത് ഏതു പ്രതിസന്ധികളിലും… അതിജീവനമാണ് ജീവിതത്തിന്റെ സൗന്ദര്യം.

Leave a Reply