Spread the love
സിംഗപ്പൂരിലേക്ക് പറക്കാനൊരുങ്ങി ഗൊതബയ രജപക്സെ

രാജി പ്രഖ്യാപിക്കാൻ തയാറാകാതെ പ്രസിഡൻ്റ് ഗോത്തബയ രജപക്സെ രാജ്യം വിട്ടതോടെ ശ്രീലങ്കയിൽ വീണ്ടും കലാപം. മാലിദ്വീപില്‍ തങ്ങുന്ന ഗൊതബയ സിംഗപ്പൂരിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് സിംഗപ്പൂരിലേക്ക് കടക്കാന്‍ രജപക്‌സെ മാലിദ്വീപ് സര്‍ക്കാരിനോട് സ്വകാര്യ ജെറ്റ് ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഗോത്തബയ്ക്ക് അഭയം നൽകിയ മാലി ദ്വീപ് സർക്കാരിൻ്റെ നടപടിക്കെതിരെ അവിടുത്തെ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നതോടെ മാലി സർക്കാരും സമ്മർദ്ദത്തിലായി എന്നാണ് സൂചന.

ഗോത്തബയ രാജിവയ്ക്കാതെ രാജ്യം വിട്ടെന്ന വാർത്ത പരസ്യമായതോടെ കൊളംബോയിൽ ജനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചു കയറി. അടിയന്തരസാഹചര്യം നേരിടാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച രാജിവയ്ക്കും എന്ന് അറിയിച്ച ഗോത്തബയ രജപക്സെ ഇതുവരെ തൻ്റെ രാജിക്കത്ത് കൈമാറിയിട്ടില്ല. രാജിക്കത്ത് കൈവശം വച്ചാണ് അദ്ദേഹം ശ്രീലങ്ക വിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply