Spread the love

പരോള്‍ നൽകുന്നതിൽ ജയിൽ മേധാവിയെ തിരുത്തി ആഭ്യന്തരവകുപ്പ്. പൊലീസ് റിപ്പോർട്ട് എതിരായ പ്രതികൾക്ക് ജയിൽ മേധാവിയുടെ അധികാരം ഉപയോഗിച്ച് പരോള്‍ നൽകരുതെന്ന് കാണിച്ച് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. വിസ്മയ കേസിലെ പ്രതി കിരൺകുമാർ അടക്കമുള്ളവർക്ക് പൊലീസ് റിപ്പോ‍ർട്ട് അവഗണിച്ച് പരോള്‍ നൽകിയതിൽ സർക്കാരിന് പരാതി വന്ന സാഹചര്യത്തിലാണ് നടപടി.

ശിക്ഷ കാലയളവിന്‍റെ മൂന്നിലൊന്ന് പൂർത്തിയായി കഴിഞ്ഞാൽ തടവുകാരന് സാധരണ പരോളിന് അർഹതയുണ്ട്. പക്ഷെ പൊലീസ് റിപ്പോർട്ട് അനുകൂലമാകണം. തടവുകാരൻ പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകില്ലെന്ന് പൊലീസ് ഉറപ്പ് നൽകുമ്പോഴാണ് പരോള്‍ അനുവദിക്കുക. എന്നാൽ പൊലീസ് റിപ്പോ‍ർട്ട് എതിരായ സംഭവങ്ങളിലും ജയിൽ മേധാവി നിരവധി പരോളുകള്‍ സ്വന്തം ഇഷ്ടപ്രകാരം അനുവദിച്ചു. കോളിളക്കം ഉണ്ടാക്കിയ കേസുകളിലെ പ്രതികള്‍ 30 ദിവസത്തെ പരോളിനിറിങ്ങി. ജയിൽ ചട്ടം അനുശാസിക്കുന്നില്ലെങ്കിലും തനിക്ക് അധികാരമുണ്ടെന്നായിരുന്നു ജയിൽ മേധാവിയുടെ വിശദീകരണം. നൂറിലധികം പേർ ഇങ്ങനെ പല കാലഘട്ടങ്ങളിൽ പരോളിൽ ഇറങ്ങിയിട്ടുണ്ട്. ആനാവൂർനാരായണൻ വധക്കേസിലെ പ്രതിയായ ബിഎംഎസ് നേതാവ് രാജേഷിനും വിസ്മയ കേസിലെ പ്രതിയായ മുൻ എഎംവി കിരൺകുമാറിനും പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു.

പൊലീസ് റിപ്പോർട്ട് തള്ളി ടിപി കേസിലെ പ്രതികള്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ നിരവധി പരാതികള്‍ സർക്കാരിന് മുന്നിൽ വന്നതോടെയാണ് നിയമോപദേശം തേടി ആഭ്യന്തരവകുപ്പ് വ്യക്തതവരുത്തി ജയിൽ മേധാവിക്ക് കത്ത് നൽകിയത്. ആദ്യ തവണ പൊലീസ് റിപ്പോർട്ട് എതിരായാൽ പരോള്‍ നൽകരുത്. വീണ്ടും പൊലീസ് റിപ്പോർട്ട് എതിരായാൽ പരോള്‍ അപേക്ഷ ജയിൽ ഉപദേശക സമിതിയുടെ പരിഗണനക്ക് വിടണം, മൂന്നിൽ കൂടുതൽ തവണ പൊലീസ് റിപ്പോർട്ട് എതിരായാൽ ജില്ലാ കളക്ടർ അധ്യക്ഷനായ പുനപരിശോധന കമ്മിറ്റിക്ക് വിടണം. കമ്മിറ്റികളുടെ തീരുമാനം അനുസരിച്ച് മാത്രം ജയിൽ മേധാവി തീരുമാനം എടുത്താൽ മതിയെന്നാണ് സർക്കാർ നിലപാട്.

Leave a Reply