തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ. ഇന്ന് മുതല്‍ എല്ലാ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്ക് 8 കിലോ ഗ്രാം അരി പ്രത്യേകമായി 10.90 രൂപ നിരക്കില്‍ നൽകാന്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നിവയിലേതെങ്കിലും ഒരിനം കാര്‍ഡ് ഒന്നിന് 10 കിലോ വീതം വിതരണം ചെയ്യും. ഒരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും മന്ത്രി അറിയിച്ചു.
അരിയാഹാരം കഴിക്കുന്ന മലയാളികളുടെയെല്ലാം വയറ്റത്തടിക്കുന്ന നിലയില്‍ അരിവില ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുപോലൊരു വിലക്കയറ്റം ചരിത്രത്തലുണ്ടായിട്ടില്ലന്ന് ഈ രംഗത്തുളളവര്‍ ഒരുപോലെ പറയുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വിളവെടുപ്പ് വരെ വിലക്കയറ്റം തുടരാനാണ് സാധ്യത. അതിനിടെ, ആന്ധ്രയില്‍ നിന്ന് ജയ അരി ഇറക്കുമതി ചെയ്യാനുളള നീക്കം സര്‍ക്കാര്‍ സജീവമാക്കി.
ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനത്തില്‍ വന്ന കുറവാണ് വിലക്കയറ്റത്തിന്‍റെ മുഖ്യ കാരണം. ആന്ധ്രയില്‍ നെല്ല് സംഭരണം സര്‍ക്കാര്‍ നിയന്ത്രണത്തിലായതും അരിയുടെ വരവ് കുറച്ചു. അടുത്ത വിളവെടുപ്പ് നടത്തുന്ന ജനുവരി, ഫെബ്രുവരി മാസങ്ങള്‍ വരെ വിലക്കയറ്റം തുടര്‍ന്നേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിലക്കയറ്റം പിടിച്ചു നിര്‍ത്താനുളള സര്‍ക്കാര്‍ നീക്കം. ആന്ധ്രയില്‍ നിന്ന് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നേതൃത്വത്തില്‍ ജയ അരിയും വന്‍ തോതില്‍ വല ഉയര്‍ന്ന വറ്റല്‍ മുളക് അടക്കമുളള ഇനങ്ങളും ഇറക്കുമതി ചെയ്യാനാണ് ശ്രമം. തിരുവനന്തപുരത്തെത്തുന്ന ആന്ധ്രപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി നാഗേശ്വര റാവുവുമായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിന്‍റെ നേതൃത്വത്തില്‍ നാളെ ഈ വിഷയത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. നേരത്തെ ജി ആര്‍ അനിലിന്‍റെ നേതൃത്വത്തിലുളള സംഘം ആന്ധ്രയിലെത്തി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. സപ്ളൈകോ വഴി അരിയും മറ്റ് അവശ്യ സാധനങ്ങളും പരമാവധി കുറഞ്ഞ വിലയില്‍ നല്‍കാനാണ് ശ്രമം.