പോപ്പുലർ ഫ്രണ്ടിനെതിരെ തുടർ നടപടികളുമായി കേന്ദ്ര സർക്കാർ. പിഎഫ്ഐയുടെ എല്ലാ സോഷ്യൽ മീഡിയാ ഹാൻഡിലുകളും ഉടൻ മരവിപ്പിക്കും. ഇതിനായുള്ള നടപടികളെടുക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് നിർദേശം നൽകി.പിഎഫ്ഐയുടെ സ്വത്തുവകകൾ പിടിച്ചെടുത്തു പൂട്ടി മുദ്രവച്ച് കണ്ടുകെട്ടാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. യുഎപിഎ നിയമപ്രകാരം ഒരു സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചാൽ 15 ദിവസത്തെ സമയമാണ് അനുവദിക്കുക. യുഎപിഎ പ്രകാരം പിഎഫ്ഐയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന അംഗങ്ങൾ പണമോ സെക്യൂരിറ്റികളോ ക്രെഡിറ്റുകളോ ഉപയോഗിച്ച് ഏതെങ്കിലും വിധത്തിൽ പണമടയ്ക്കുകയോ വിതരണം ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ മറ്റെന്തെങ്കിലും ഇടപാട് നടത്തുകയോ ചെയ്യുന്നത് തടയും.പിഎഫ്ഐയിൽ നിന്നും വേർപിരിഞ്ഞുവെന്ന് അംഗങ്ങൾ പ്രഖ്യാപിക്കേണ്ടി വരും. ഇല്ലാത്ത പക്ഷം നിരോധിത സംഘടനയിൽ തുടർന്നതിന്റെ പേരിൽ രണ്ട് വർഷം തടവും പിഴയും അനുഭവിക്കേണ്ടി വരുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.