സംസ്ഥാന സർക്കാർ ഓഫീസുകളിലും ക്യൂ ആർ കോഡ് സ്കാൻചെയ്ത് പണമടയ്ക്കാനുള്ള സംവിധാനമൊരുങ്ങുന്നു. ഫെഡറൽ ബാങ്കും നാഷണൽ ഇൻഫർമേഷൻ സെന്ററും (എൻ.ഐ.സി.) ഇതിന്റെ നടപടി തുടങ്ങി. റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകളിലാകും ആദ്യ ഘട്ടത്തിൽ നടപ്പാക്കുക.
വില്ലേജ് ഓഫീസുകളുടെ പേമെന്റ് ഗേറ്റ്‌വേയായി വർഷങ്ങളായി ഫെഡറൽ ബാങ്ക് പ്രവർത്തിക്കുന്നുണ്ട്.
വില്ലേജിലെത്തുന്നവർക്ക് പണമടയ്ക്കാൻ അവിടെ പി.ഒ.എസ്. യന്ത്രം നേരത്തേ ഇവർ എത്തിച്ചു കൊടുത്തിരുന്നു. എന്നാൽ ഉദ്ദേശിച്ച രീതിയിൽ വിജയകരമായില്ല. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോകുമ്പോഴും യന്ത്രം തകരാറുകുമ്പോഴും ഇതിന്റെ പ്രവർത്തനം തടസ്സപ്പെടുന്നത് പതിവായി. ബദലായി യു.പി.ഐ. ഐ.ഡി. രേഖപ്പെടുത്തി പണമിടപാട് നടത്താൻ സംവിധാനമാക്കിയെങ്കിലും അതും ഫലപ്രദമായില്ല. ഗൂഗിൾപേ- ക്യൂ ആർ കോഡ് സംവിധാനമുണ്ടായാൽ വിജയിക്കുമെന്ന വിലയിരുത്തലിലാണ് ഫെഡറൽ ബാങ്ക് ഈ നീക്കത്തിലേക്ക് കടക്കുന്നത്. ഇതിനായി റവന്യൂ വകുപ്പിന്റെ റെലിസ് സോഫ്റ്റ്‍വേറും രജിസ്‌ട്രേഷൻ വകുപ്പിന്റെ പേൾ സോഫ്റ്റ്‌വേറും സംയോജിപ്പിക്കാൻ എൻ.ഐ.സി.യോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് ശരിയാകുന്നതോടെ ഈ ഓഫീസുകളിലെ പണമിടപാടുകൾ ഇതുവഴിയാകും. പണംവാങ്ങി വില്ലേജോഫീസർ കൈവശംവെച്ച് ട്രഷറിയിലോ ബാങ്കിലോ അടയ്ക്കുകയെന്ന പഴഞ്ചൻരീതി ഇല്ലാതാകും.