പെഗസസിൽ ജുഡീഷ്യൽ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സർക്കാർ ;പ്രതിക്ഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ.
ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചു. ഇക്കാര്യം വിശദീകരിച്ചതാണെന്നും ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്.പെഗസസ് വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും നാലാം ദിവസവും സ്തംപിച്ചു. ആദ്യ രണ്ട് ദിവസം പ്രതികരിക്കാതിരുന്ന രാഹുൽഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായും കടന്നാക്രമിച്ച് ഇന്നലെ രംഗത്തുവന്നു. തൻറെ ഫോൺ ചോർത്തിയെന്ന് ആരോപിച്ച രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യദ്രോഹ കുറ്റം ആരോപിക്കുകയും, അമിത് ഷായുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.
‘ എൻറെ ഫോണുകൾ ചോർത്തുന്ന കാര്യം അത് ചെയ്യുന്ന ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ തന്നെ എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്.പെഗസസിനെ ആയുധങ്ങളുടെ പട്ടികയിലാണ് ഇസ്രയേൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭീകരരെ നേരിടാൻ വേണ്ടി ഉള്ളതാണ് ഇത്. എന്നാൽ ഇന്ത്യയ്ക്കെതിരെയും സുപ്രീംകോടതി അടക്കം രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ യും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അതുപയോഗിച്ചു. കർണാടകയിൽ ഉൾപ്പെടെ രാഷ്ട്രീയമായും ഉപയോഗിച്ചു. ഇത് രാജ്യദ്രോഹമല്ലാതെ മറ്റെന്താണ്’. രാഹുൽ പറഞ്ഞു.കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഐടി മന്ത്രിയുടെ പ്രസ്താവന വലിച്ചുകീറിയ തൃണമൂൽ എംപി ശന്തനു സെന്നിനെ സമ്മേളനം കഴിയുന്നതുവരെ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ എതിർപ്പിനെതിരെ പ്രമേയം പാസായതോടെ അദ്ദേഹത്തോട് സഭ വിടാൻ ചെയർമാൻ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നതിനെതുടർന്ന് ബഹളം ഉണ്ടാവുകയും ചെയ്തിരുന്നു.ആഭ്യന്തരവകുപ്പ്,ഐടി വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് അധ്യക്ഷനായ ശശി തരൂർ പറഞ്ഞു. പാർലമെന്റിന്റെ ഐടി സ്ഥിരംസമിതി പെഗസസ് അടക്കമുള്ള വിഷയങ്ങൾ 28ന് പരിഗണിക്കാനിരിക്കുകയാണ്.