തിരുവനന്തപുരം:റവന്യൂ പുറമ്പോക്ക് ഭൂമികളിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കവുമായി സർക്കാർ. ക്വാറികളുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നതിനിടെ ആണ് ഇങ്ങനെ ഒരു നീക്കം. അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലുകൾക്ക് ഒരു കാരണം ക്വാറികൾക്ക് നൽകുന്ന അനിയന്ത്രിതമായ അനുമതിയാണെന്ന മുന്നറിയിപ്പുകൾ ചർച്ചയാകുമ്പോഴാണ് വീണ്ടും ക്വാറി അനുമതിക്കുള്ള നീക്കം. പുതിയ സർക്കാർ സർക്കുലർ പ്രകാരം ആർഡിഒമാരുടെ നേതൃത്വത്തിൽ പുതിയ ക്വാറികൾക്കായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനാണ് ലാൻഡ് റവന്യു കമ്മീഷണറുടെ നിർദേശം. 2018 ൽ പ്രളയം ഉണ്ടായതിന് ശേഷവും ക്വാറികൾക്കെതിരെ വൻ വിമർശനം ഉയർന്നെങ്കിലും തൊട്ടടുത്ത വർഷം ജനുവരിക്ക് ശേഷം 223 ക്വാറികൾക്ക് ആണ് സർക്കാർ അനുമതി നൽകിയത്. ഉരുൾപൊട്ടൽ ഉണ്ടായാൽ ആ ജില്ലകളിലെ ക്വാറികളുടെ പ്രവർത്തനം കണ്ണിൽപ്പൊടിയിടാൻ ചുരുങ്ങിയ സമയത്തേക്ക് നിർത്തിവെക്കുക മാത്രമാണ് ചെയ്യാറ്.