സർക്കാർ സേവനങ്ങൾക്ക് ഏകീകൃത വിവര സംവിധാനമൊരുക്കാൻ സർക്കാർ.
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സേവനങ്ങൾക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനു മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തിരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതുവേദി ആയിരിക്കും ഇത്.
ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവിൽ അനുബന്ധ സോഫ്റ്റ് വെയർ, ഹാർഡ്‍വെയർ തുടങ്ങിയവ ഉൾപ്പെടുന്ന ആധാർ വോൾട്ട് സ്ഥാപിക്കും. ഇതിനു ഭരണാനുമതി നൽകാൻ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് അനുവാദം നൽകി.
സംസ്ഥാനത്തു നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികൾ ഉണ്ട്. ഇവയുടെ നിർവഹണത്തിനും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനും ഓരോ വകുപ്പിനും പ്രത്യേകം നടപടി ക്രമങ്ങളാണുള്ളത്.
കൂടാതെ,ഒന്നിലേറെ പദ്ധതികളിൽ നിന്ന് ആനുകൂല്യം ലഭിക്കുക, ഗുണഭോക്താക്കളെക്കുറിച്ചുള്ള വിവരത്തിലെ വ്യത്യാസം, ആവർത്തനം, പല സ്രോതസ്സുകളിൽ നിന്ന് എടുക്കുന്നതു മൂലം വിവരശേഖരണത്തിന് ഏകീകൃത രൂപം ഇല്ലാത്തത്, തീരുമാനം എടുക്കുന്നതിന് സഹായകരമായ ക്രോഡീകരിച്ച വിവരങ്ങളുടെ കുറവ് തുടങ്ങി പല പ്രശ്നങ്ങൾക്കും പരിഹാരം കാണുകയാണു ലക്ഷ്യം.കുടുംബത്തെ അടിസ്ഥാന യൂണിറ്റായി പരിഗണിച്ചു ഗുണഭോക്താക്കളുടെ ഏകീകൃത ഡേറ്റാബേസ് ഉണ്ടാക്കുന്ന പദ്ധതിയാണ് യൂണിഫൈഡ് റജിസ്ട്രി. ഇതിലൂടെ അർഹതയില്ലാത്തവർ ആനുകൂല്യങ്ങൾ നേടുന്നത് ഒഴിവാക്കി ഗുണഭോക്തൃ തിരഞ്ഞെടുപ്പ് സുതാര്യമാക്കും.
എല്ലാ സർക്കാർ ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഇത് ഉപയോഗിക്കാം. വിവിധ സഹായ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനുമുള്ള ഒറ്റ സ്രോതസ്സായി ഈ റജിസ്ട്രി പ്രയോജനപ്പെടുത്താം. ഓരോ വ്യക്തിക്കും കുടുംബത്തിനും തിരിച്ചറിയൽ നമ്പർ നൽകും. ഓരോ വകുപ്പിന്റെയും നിയമങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായ ഗുണഭോക്തൃ വിവരങ്ങൾ മാത്രമാണ് റജിസ്ട്രിയിൽ നൽകുക.ഒരു സർക്കാർ പദ്ധതിയിലും ഉൾപ്പെടാത്തവരുടെ വിവരങ്ങൾ ചേർക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകും.