തിരുവനന്തപുരം: സംസ്ഥാനത്ത് ബാലവേലയ്ക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ. ബാലവേല ഒഴിവാക്കാൻ നിർണ്ണായക പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്തെത്തി. ബാലവേല സംബന്ധിച്ച് വിവരം നൽകുന്ന വ്യക്തിയ്ക്ക് 2,500 രൂപ ഇൻസെന്റീവ് നൽകുന്നതിന് വനിതാ ശിശു വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിന്നു ബാലവേല പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ബാലവേല നിയമപരമായി നിരോധിയ്ക്കുകയും അത് ക്രിമിനൽ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നു ജോലി ചെയ്യുന്നതിനായി കുട്ടികളെ കൊണ്ടുവരുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ കർശന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ബാലവേല പൂർണമായും ഒഴിവാക്കാൻ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.