സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചു. ചാൻസ്ലറെന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ പിൻവലിച്ചത്. നാല് വകുപ്പ് മേധാവിമാരും രണ്ട് പേർ സിന്റിക്കേറ്റ് അംഗങ്ങളും പിൻവലിക്കപ്പെട്ടവരിൽ ഉൾപ്പെടും. ഇന്ന് മുതൽ അംഗത്വത്തിൽ നിന്നും ഒഴിവാക്കിയെന്നാണ് വിസിയെ രേഖാമൂലം ഗവർണ്ണർ അറിയിച്ചത്.പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവർണർ നീങ്ങിയത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ അടക്കമുള്ള റിപ്പോർട്ട് തേടിയ ഗവർണർ ഇത് ലഭിച്ചതോടെയാണ് അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന ‘അംഗങ്ങളെ പിൻവലിക്കുന്ന’ നടപടിയിലേക്ക് കടന്നത്. പിൻവലിച്ചതിനെതിരെ അംഗങ്ങൾക്ക് കോടതിയെ സമീപിക്കാനുമാകില്ല.