ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ(എം) പിബി. കേരളാ ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് രാഷ്ട്രപതി ഗവർണറെ തടയണമെന്നും പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഗവർണറുടെ പ്രസ്താവനക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. തെറ്റായ പ്രവണതയാണ് ഗവർണർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രിമാരെ തിരിച്ചുവിളിക്കാൻ ഒരു ഗവർണർക്കും അവകാശമില്ലെന്നും എം വി ഗോവിന്ദനും പ്രതികരിച്ചു.
ഇതിനിടെ മന്ത്രി പദവി റദ്ദാക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടന പറയുന്നത് അനുസരിച്ചേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ. ഭരണഘടനയുടെ 163 വരെയുള്ള അനുഛേദങ്ങളിൽ ഒന്നും ഗവർണറുടെ ഈ അധികാരത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ഗവർണറുടെ പരാമർശത്തെ വളരെ ഗൗരവമായി ആലോചിക്കേണ്ടതാണ്. ജനാധിപത്യം നിലവിൽ വന്ന് കുറച്ചുകാലമായതിനാൽ ഭീഷണി സ്വരങ്ങളെ ഗൗരവമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മന്ത്രിമാർ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ, ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയിൽ പെരുമാറിയാൽ മന്ത്രി സ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ഗവർണർ ട്വിറ്റിലൂടെ പറഞ്ഞത്. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവർണറോട് ഉപദേശിക്കുന്ന രീതിയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവർണർ ട്വീറ്റ് ചെയ്തത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനിൽ നിന്നുമുണ്ടായത്.
സർക്കാരും ഗവർണറും തമ്മിലെ ഭിന്നത രൂക്ഷമായിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻറെ മുന്നറിയിപ്പ്. ഗവർണർ ആർഎസ്എസ് പാളയത്തിൽ നിന്നും വരുന്നു, രാജ്ഭവനും ഭരണഘടന പാലിക്കണം എന്നതടക്കമുള്ള സമീപകാലത്തെ മന്ത്രി ആർ ബിന്ദുവിൻറെ പ്രസ്താവനകളടക്കമാണ് ഗവർണറെ ചൊടിപ്പിച്ചത്. സർവകലാശാല നിയമഭദേഗതി ബിൽ ഒപ്പിടാതിരുന്ന ഗവർണറെ നേരത്തെ മന്ത്രി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടി.