Spread the love

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവും പിന്നീട് നടന്ന സാഹസിക പിടികൂട്ടവുമൊക്കെ ജനങ്ങളും മാധ്യമങ്ങളുമൊക്കെ വലിയ ചർച്ചാവിഷയമാക്കിയതോടെ കേരളത്തിലെ ജയിലുകളിലെ അതി സൗകര്യങ്ങളും ഭക്ഷണരീതികളും കൊടും കുറ്റവാളികൾക്ക് പോലും ലഭിക്കുന്ന അധിക പരിഗണനയും വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. പുറത്തുവന്ന ഗോവിന്ദച്ചാമിയുടെ പിടിക്കപ്പെട്ടതിനു ശേഷമുള്ള മൊഴിപ്രകാരം ജയിലുകളിൽ കാശ് കൊടുത്താൽ എന്തും ലഭിക്കുമെന്ന് വ്യക്തമായി പറയുന്നുണ്ട്. കാശുകൊടുത്താൽ പുറത്തുള്ള വേണ്ടപ്പെട്ടവരെ വിളിക്കാം, കഞ്ചാവ് മുതൽ മിക്ക ലഹരിപദാർത്ഥങ്ങളും സെല്ലിനുള്ളിൽ ലഭിക്കും, ജയിൽ തകർത്ത് പുറത്തേക്ക് കടക്കാനുള്ള ആയുധങ്ങൾ വരെ സംഭരിക്കാനുള്ള സ്വകാര്യതയും ഓരോ ജയിൽ പുള്ളിക്കും ലഭിക്കും എന്നതാണ് ഗോവിന്ദച്ചാമിയുടെ മൊഴി അടിവരയിടുന്നത്.

അതേസമയം ഗോവിന്ദച്ചാമി അടക്കമുള്ള കൊടും കുറ്റവാളികൾക്ക് പോലും ലഭിക്കുന്ന ഇത്തരം പരിഗണനകൾ ജീവിച്ചിരിപ്പുള്ളതോ മരിച്ചതോ ആയ ഇരകൾക്കും വേദനിക്കുന്ന അവരുടെ ബന്ധുക്കൾക്കും വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കുന്നത് എന്ന് വ്യക്തം. തങ്ങളുടെ മകളെയോ അമ്മയേയോ അച്ഛനെയോ സഹോദരനെയോ സഹോദരിയേയോ ക്രൂരമായി കൊലപ്പെടുത്തുകയോ സമാനമായി ആക്രമിക്കുകയോ ചെയ്ത പ്രതി ജയിലിൽ മട്ടനും ചിക്കനും ലഹരിയുമൊക്കെയായി പുഷ്ടിപ്പെടുമ്പോൾ ഒരു നേരത്തെ ആഹാരത്തിനു പോലും വകയുണ്ടാക്കാൻ കഴിയാതെ വിഷമിക്കുന്ന ജീവിതങ്ങൾ പുറത്ത് ചത്ത മനസ്സുമായി ജീവിച്ചിരിപ്പുണ്ട് എന്നത് ഇന്ത്യൻ നീതിന്യായതിന്റെ വലിയ പരാജയമാണ്. കഞ്ചാവ് വേട്ട എന്നും പറഞ്ഞ് സാധാരണക്കാരന്റെ കാറിലും പോക്കറ്റിലും വീട്ടിലും തപ്പുന്ന, 10 രൂപയുടെ കൽക്കണ്ട പാക്കറ്റ് വണ്ടിയിൽ നിന്നും പൊക്കി ആറുമാസത്തോളം ഒരു നിരപരാധിയെ എംഡി എം എ കൈവശം വച്ചെന്ന ചെയ്യാ കുറ്റത്തിന് അകത്തിട്ട പോലീസുകാർ അറിയാതെ ജയിലിൽ ലഹരി കടക്കത്തും ഇല്ല പരസ്പരം കൊടുക്കത്തുമില്ലെന്ന് പൊതുജനങ്ങൾക്ക് നന്നായി അറിയാം. ജയിലിലെ അധിക സൗകര്യങ്ങളെ കുറിച്ചും പലതും സുലഭമായി ലഭിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ വ്യാപകമാകുന്നതിനിടെ ജയിലിലെ മറ്റ് ചില ദുരവസ്ഥകളെ കുറിച്ചും സമരവുമായി ബന്ധപ്പെട്ട് ജയിലിൽ കിടക്കേണ്ടി വന്നപ്പോൾ ഉള്ള ദുരനുഭവത്തെക്കുറിച്ചും പറയുകയാണ് നടിയും അവതാരകയും കോൺഗ്രസ് നേതാവുമായ വീണ എസ് നായർ.

ജയിലിലേക്ക് കടക്കുമ്പോൾ നമ്മുടെ ബോഡി മുഴുവൻ സെർച്ച് ചെയ്യും. വിമാനത്താവളങ്ങിലൊക്കെ ഫുൾ സ്‌ക്രീനിംഗ് സിസ്റ്റം ഉണ്ട്. ശരീരത്തിൽ സ്വർണം കടത്തിയാൽ പോലും ഇതിൽ കണ്ടെത്തും. ഈയൊരു സമയത്താണ് ഈ പ്രാകൃതമായ സെർച്ച്. എനിക്കത് ഭയങ്കര മോശമായി തോന്നി. കള്ളക്കടത്ത് നടത്തിയിട്ടോ, കഞ്ചാവ് കടത്തിയിട്ടോ അല്ലെങ്കിൽ വേറെന്തെങ്കിലും തെറ്റ് ചെയ്തല്ല ജയിലിൽ പോയത്. പ്രതിഷേധിച്ചതിനാണല്ലോ വീണ പറയുന്നു. പ്‌ളേറ്റും ഗ്ലാസും തരും. ഒട്ടും വൃത്തില്ലാത്ത പ്ലേറ്റ് . മാറ്റിത്തന്നില്ലെങ്കിൽ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞപ്പോൾ പിന്നീട് സൂപ്രണ്ട് മാറ്റിത്തരികയായിരുന്നു.

ജയിലിൽ നമ്മൾ പോകുമ്പോൾ വസ്ത്രങ്ങളൊക്കെ വേണമല്ലോ. വീട്ടിൽ നിന്ന് കൊണ്ടുത്തരും. ഫിക്സഡ് സമയത്ത് മാത്രമേ എടുക്കാനാകൂ. ഓരോന്നായി ചെക്ക് ചെയ്ത ശേഷമാണ് നമുക്ക് തരിക. വസ്ത്രം ഓരോന്നെടുത്ത് നോക്കുകയെന്നതൊക്കെയാണ് എനിക്ക് ഏറ്റവും അരോചകമായി തോന്നിയത്. മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തേണ്ടത് സിസ്റ്റമാണ്. എനിക്ക് ഏറ്റവും പതറ്റിക് ആയി തോന്നിയൊരു കാര്യം രാത്രി മുഴുവൻ സെല്ലിലെ ലൈറ്റ് ഓണായിരിക്കും. അതിന് അവരുടേതായ കാരണങ്ങളുണ്ട്. പക്ഷേ കൃത്യമായ ഷീറ്റോ, കട്ടിലോ ഒന്നുമില്ല. കൊതുക് ശല്യവും ഉണ്ട്. രാത്രി ഉറങ്ങാൻ പറ്റിയില്ല. ഒന്ന് മയങ്ങിവരുമ്പോൾ കൊതുക് കടിയായിരിക്കും.അന്ന് ആ സമരത്തിൽ പങ്കെടുത്തപ്പോൾ കാലും കൈയൊക്കെ മുറിഞ്ഞിട്ടുണ്ടായിരുന്നു എട്ട് മണിക്കൂറ് കഴിഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. ഒടുവിൽ എംഎൽഎ ഒക്കെ ഇടപെട്ടാണ് കൊണ്ട് പോയത്.

Leave a Reply