കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള ബാധ്യത സർക്കാരിനില്ലെന്നും, സർക്കാരിന് മുന്നിൽ തോക്കുചൂണ്ടി കാര്യം നേടാനാവില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു. കൊവിഡ് കാലത്ത് വാഹനങ്ങൾ ഓടാതിരുന്നിട്ടും ശമ്പളം നൽകിയത് പിണറായി സർക്കാരാണ്. ശമ്പളം കുറച്ച് ദിവസം വൈകിയാൽ ജനങ്ങളെ പെരുവഴിയിലാക്കുമെന്ന നിലപാട് അവസാനിപ്പിക്കണം.
വായ്പ വാങ്ങിയും മറ്റ് ക്രമീകരണങ്ങളിലൂടെയും പത്താംതീയതി ശമ്പളം നൽകാനാണ് സർക്കാർ ആഗ്രഹിച്ചിരുന്നത്. എന്നാൽ യൂണിയനുകൾ സർക്കാരിന്റെ വാക്കിനെ വിശ്വസിക്കാതെ സമരത്തിലേക്ക് പോയി വീണ്ടും കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. സർക്കാരിന്റെ ഉറപ്പ് അവർ വിശ്വാസത്തിലെടുത്തിരുന്നെങ്കിൽ ശമ്പളം പത്താംതീയതി തന്നെ നൽകാമായിരുന്നു. ശമ്പളം മുടങ്ങിയതിന്റെ ഉത്തരവാദിത്വം പണിമുടക്ക് നടത്തിയവർക്കാണ്. സിഐടിയു ഇക്കാര്യത്തിൽ മാതൃകാപരമായ നിലപാടാണെടുത്തത്. എന്നാൽ ബിഎംഎസ് എല്ലാം സമ്മതിച്ച ശേഷം സമരത്തിലേക്ക് പോയി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയെന്നും മന്ത്രി ആരോപിച്ചു.