സർക്കാർ ഡോക്ടർമാർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുനസ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒ. എയുടെ സമരം. അടുത്ത മാസം 11ന് കൂട്ട അവധിയെടുത്ത് സമരം ചെയ്യാനാണ് തീരുമാനം. ആരോഗ്യമന്ത്രി നേരിട്ട് നൽകിയ ഉറപ്പുകൾ പോലും പാലിക്കാത്തതിലാണ് ഡോക്ടർമാരുടെ പ്രതിഷേധം. ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടർമാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് ഉണ്ടായത്.ആരോഗ്യ വകുപ്പ് മന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകൾ സർക്കാർ രേഖാമൂലം കെ ജി എം ഒ എ ക്ക് നൽകിയതാണ്.സർക്കാർ ഡോക്ടർമാരെ അപമാനിക്കുന്ന തരത്തിൽ കാതലായ വിഷയങ്ങൾ ഒന്നും പരിഹരിക്കാതെയാണ് അപാകത പരിഹാര ഉത്തരവ് ഇറങ്ങിയത്. ഇതിൽ അനുവദിക്കപ്പെട്ട പരിമിതമായ കാര്യങ്ങളിലാകട്ടെ വ്യക്തത ഉണ്ടായിട്ടുമില്ല.ഇത്രമേൽ കടുത്ത അവഗണനയുണ്ടായിട്ടും രോഗീ പരിചരണത്തെ ബാധിക്കാത്ത രീതിയിലാണ് കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കെ ജി എം ഒ എ പ്രതിഷേധം നടത്തിയത്. അവഗണന തുടരുന്ന പക്ഷം സർക്കാർ ഡോക്ടർമാർ ഒക്ടോബർ 11ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നു.