Spread the love

ജീവനക്കാർക്ക് 7 ദിവസത്തെ കോവിഡ് അവധി അനുവദിച്ച് സംസ്ഥാന സർക്കാർ;ഉത്തരവിറക്കി.


തിരുവനന്തപുരം : സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ്, ക്വാറന്റീൻ സ്‌പെഷൽ കാഷ്വൽ ലീവ് 7 ദിവസമാക്കി സർക്കാർ ഉത്തരവിറക്കി.
കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരും പൊതുഅവധികൾ ഉൾപ്പെടെ 7 ദിവസം കഴിഞ്ഞു ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാൽ ഓഫിസിൽ ഹാജരാകണം.
ആരോഗ്യ വകുപ്പിന്റെയോ തദ്ദേശ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ 7 ദിവസം പ്രത്യേക കാഷ്വൽ അവധി അനുവദിക്കും.കോവിഡ് ഗുരുതരമായി ആശുപത്രിയിൽ ചികിത്സ തേടേണ്ടിവരുന്ന ജീവനക്കാർക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ ചികിത്സാ കാലയളവ് മുഴുവൻ സ്‌പെഷൽ കാഷ്വൽ ലീവ് അനുവദിക്കും. കോവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കമുണ്ടായ ജീവനക്കാർ കഴിഞ്ഞ 3 മാസത്തിനിടയിൽ കോവിഡ് മുക്തരായവരാണെങ്കിൽ ക്വാറന്റീൻ വേണ്ട. ഇവർ കോവിഡ് നിർദേശങ്ങൾ പാലിച്ചും രോഗലക്ഷണം ഉണ്ടോയെന്നു സ്വയം നിരീക്ഷിച്ചും ഓഫിസിൽ ഹാജരാകണം; രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണം. കോവിഡ് ബാധിച്ചാൽ 14 ദിവസം സ്പെഷൽ കാഷ്വൽ ലീവും സമ്പർക്കമുള്ളവരുടെ ക്വാറന്റീന് 7 ദിവസം സ്പെഷൽ കാഷ്വൽ ലീവും എന്നതായിരുന്നു ഇതുവരെയുള്ള നിർദേശം. 
കഴിഞ്ഞ ആഴ്ച രാജ്യത്ത് മൊത്തം കോവിഡ് പോസിറ്റീവായവരിൽ 67.79% കേരളത്തിൽ നിന്നായിരുന്നു. നിലവിൽ രാജ്യത്ത് ചികിൽസയിൽ തുടരുന്നവരുടെ 56.8% കേരളത്തിലാണ്. വ്യാപനം കുറഞ്ഞതോടെ, ഈയാഴ്ച മുതൽ ഈ കണക്കുകളിലും കുറവുവരുമെന്നാണു പ്രതീക്ഷയിലാണ് സർക്കാർ.

Leave a Reply