കൊച്ചി ∙ ആഘോഷങ്ങൾക്കായി സർക്കാരിനു പണമുണ്ടെന്നും എന്നാൽ വിധവാ പെൻഷൻ ഉൾപ്പെടെയുള്ളവയ്ക്കു ചെലവഴിക്കാനില്ലെന്നും ഇത് മുൻഗണനയുടെ പ്രശ്നമാണെന്നും ഹൈക്കോടതി. സർക്കാരിന്റെ സാമൂഹിക ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ‘ഭിക്ഷ തെണ്ടൽ’ സമരം നടത്തിയ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടി 5 മാസത്തെ വിധവ പെൻഷൻ കുടിശിക ലഭിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം അറിയിച്ചത് .
മറിയക്കുട്ടിക്ക് 1,600 രൂപ മാസംതോറും നൽകാനായില്ലെങ്കിൽ മൂന്നു മാസത്തേക്ക് അവരുടെ ഭക്ഷണത്തിനും മരുന്നിനുമുള്ള ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം വാക്കാൽ പറഞ്ഞു. ഏപ്രിൽ മുതൽ കേന്ദ്രസർക്കാർ വിഹിതം ലഭിക്കാനുണ്ടെന്നു സംസ്ഥാന സർക്കാർ അറിയിച്ചതിനെ തുടർന്നു കേന്ദ്രസർക്കാർ വിശദീകരണത്തിനായി ഹർജി വെള്ളിയാഴ്ചത്തേക്കു പരിഗണിക്കാൻ നീക്കി.
‘‘ഇതുവരെ ജൂലൈ വരെയുള്ള പെൻഷനാണ് ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1,600 രൂപയിൽനിന്നാണ് മരുന്നുൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്. പെൻഷൻ മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടി.തനിക്ക് മൂന്നു മക്കളാണുള്ളത്. അവർ പല സ്ഥലങ്ങളിലാണ് താമസം. കേന്ദ്ര വിഹിതം മുടങ്ങിയതാണ് പെൻഷൻ കിട്ടുന്നതിനുള്ള തടസ്സമെന്നാണ് അറിഞ്ഞത്. അത് മുടക്കമുണ്ടെങ്കിൽ കുടിശ്ശിക തുക സംസ്ഥാനത്തിന് നൽകുന്നതിനായി നിർദേശിക്കണം. പെൻഷൻ കൃത്യമായി ലഭിക്കുന്നതിനായി ഇടപെടൽ വേണം’’– എന്നാണ് മറിയക്കുട്ടി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം കോടതി തേടിയിരുന്നു.