Spread the love

സ്വർണക്കടത്ത് കേസിൽ സർക്കാരിന് തിരിച്ചടി; ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി.


കൊച്ചി : സ്വർണക്കടത്തു കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. സമാന്തര അന്വേഷണം കേസന്വേഷണത്തെ അവതാളത്തിലാക്കുമെന്ന് വ്യക്തമാണെന്നു ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ ചൂണ്ടിക്കാട്ടി. പ്രതികൾക്കാണ് അതിന്റെ പ്രയോജനമെന്നും നിയമത്തിന്റെ ലക്ഷ്യം തന്നെ പരാജയപ്പെടുമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യമാണ് അനുവദിച്ചത്. സർക്കാർ നടപടി റദ്ദാക്കണമെന്ന ഇഡിയുടെ ഹർജിയിൽ ഇനി വിശദവാദം കേൾക്കും.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ജുഡീഷ്യൽ അന്വേഷണം നടത്തുന്ന ജസ്റ്റിസ് വി.കെ. മോഹനനെയും കക്ഷി ചേർത്തിരുന്നെങ്കിലും ഇരുവർക്കും നോട്ടിസ് നൽകുന്നത് കോടതി ഒഴിവാക്കി.
മുഖ്യമന്ത്രിയും സ്പീക്കറും അടക്കമുള്ളവരെ സ്വർണക്കടത്തു കേസിൽ ഉൾപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കാനാണ് ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത്. എന്നാൽ ഇക്കാര്യം അന്വേഷിക്കേണ്ടത് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന പ്രത്യേക കോടതിയാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. സരിത്ത്, സ്വപ്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരു പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും മൊഴി നൽകിയിരുന്നു. തുടർന്ന് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തെങ്കിലും ഹൈക്കോടതി ഇത് ഏപ്രിൽ 16നു റദ്ദാക്കി. എന്നാൽ ഇതിനുമുൻപു മാർച്ച് 26ന് ഇതേ വിഷയത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ ജസ്റ്റിസ് വി.കെ. മോഹനനെ സർക്കാർ നിയോഗിക്കുകയായിരുന്നു. ഉന്നത സ്വാധീനമുള്ളവർ ചെയ്ത കുറ്റകൃത്യങ്ങൾ സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണ് കമ്മിഷനെ നിയോഗിച്ചതെന്ന് ഇഡി ആരോപിച്ചു.
ക്രൈം ബ്രാഞ്ചിന്റെ എഫ്ഐആറുകൾ നേരത്തേ കോടതി റദ്ദാക്കിയതും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. എന്നാൽ, കേന്ദ്ര സർക്കാരിലെ ഒരു വകുപ്പു മാത്രമാണ് ഇഡിയെന്നും അവർക്ക് ഹർജി നൽകാനാവില്ലെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചില്ല.

Leave a Reply