
ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ഇന്ത്യയിൽ നിർമ്മിച്ച ചുമ സിറപ്പുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ സിറപ്പുകൾ കയറ്റുമതിക്ക് വേണ്ടി മാത്രമാണ് നിർമ്മിച്ചതെന്നും ഇന്ത്യയിൽ വിൽക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികൾ മരിക്കാനിടയാകുകയും ഗുരുതരമായ വൃക്ക പ്രശ്നങ്ങളുണ്ടായതിന് ഈ മരുന്നുകളുമായി ബന്ധമുണ്ടെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. ഇതിനെത്തുടർന്ന്, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) അന്വേഷണം ആരംഭിച്ചിരുന്നു. പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയാണ് അപടകടകരമായ നാല് മരുന്നുകൾ. രോഗികൾക്ക് കൂടുതൽ ദോഷം ചെയ്യാതിരിക്കാൻ എല്ലാ രാജ്യങ്ങളും ഈ ഉൽപ്പന്നങ്ങൾ കണ്ടെത്തി നീക്കം ചെയ്യാനും അവർ ശുപാർശ ചെയ്തിട്ടുണ്ട്. നാല് ഉൽപ്പന്നങ്ങളിൽ ഓരോന്നിന്റെയും സാമ്പിളുകളുടെ ലബോറട്ടറി വിശകലനത്തിൽ അവയിൽ അസ്വീകാര്യമായ അളവിൽ ഡൈതൈലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും ഉണ്ടെന്ന് സ്ഥിരീകരിക്കുന്നു.