Spread the love
️സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നി‍ര്‍ത്തി സർക്കാർ

പ്രതിദിന കൊവിഡ് കണക്കുകള്‍ പുറത്തു വിടുന്നത് സംസ്ഥാന സ‍ര്‍ക്കാര്‍ അവസാനിപ്പിച്ചു.

കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍ കോവിഡ് അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല എന്നാണ് ഇന്ന് വൈകിട്ടോടെ ആരോഗ്യവകുപ്പ് അറിയിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം എല്ലാ ദിവസവും വൈകിട്ട് ആറ് മണിയോടെ വരുന്ന കൊവിഡ് കണക്കുകള്‍ക്കായി മലയാളികള്‍ കാത്തിരിക്കുമായിരുന്നു.

മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനങ്ങളിലാണ് ഒരുപാട് കാലം പ്രതിദിന കൊവിഡ് കണക്കുകള്‍ പുറത്തു വിട്ടിരുന്നത്. പിന്നീട് അത് വാര്‍ത്താക്കുറിപ്പിലൂടെയായി.

2020 മെയില്‍ സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യമായതും പിന്നീടുള്ള മാസങ്ങളില്‍ അത് ഉയര്‍ന്ന് മൂന്നാം തരംഗത്തില്‍ അരലക്ഷം വരെ ആവുന്നതും കേരളം കണ്ടു. എന്നാല്‍ മൂന്നാം തരംഗത്തില്‍ കാര്യമായ മരണങ്ങളും ആശുപത്രി അഡ്മിഷനും ഇല്ലാതിരുന്നതും വാക്സീനേഷന്‍ രണ്ട് ഡോസ് പൂര്‍ത്തിയാക്കുകയും ചെയ്തതോടെ കൊവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറിയിട്ടുണ്ട്.

പകര്‍ച്ചവ്യാധി നിയന്ത്രണനിയമപ്രകാരം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു. നിലവില്‍ മാസ്ക് ധരിക്കുക എന്നതിനപ്പുറം കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിലില്ല. കരുതല്‍ ഡോസ് വാക്സീനേഷന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുക കൂടി ചെയ്തതിന് പിന്നാലെയാണ് പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുന്നത്. വാക്സീനേഷന്‍ നൂറ് ശതമാനം ആയപ്പോള്‍ തന്നെ കൊവിഡ് പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു.

Leave a Reply