Spread the love
ഹയര്‍ സെക്കന്‍ഡറി സർട്ടിഫിക്കറ്റിൽ ഇനി ഗ്രേസ് മാർക്കും രേഖപ്പെടുത്തും

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മാനുവല്‍ പരിഷ്‌കരിച്ച്‌ പ്രസിദ്ധീകരിച്ചു. പരീക്ഷാ പുനര്‍ മൂല്യനിര്‍ണയത്തില്‍ കാതലായ മാറ്റം വരുത്തി. പരീക്ഷാ സര്‍ട്ടിഫിക്കറ്റില്‍ ഗ്രേസ് മാര്‍ക്കും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2005 ലാണ് ആദ്യമായി ഹയര്‍ക്കന്‍ഡറി പരീക്ഷാ മാനുവല്‍ പ്രസിദ്ധീകരിച്ചത്. അതിന് ശേഷം മാനുവല്‍ പരീഷ്‌കരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത് 2018 ലാണ്. 16-8-2021 ല്‍ മാനുവല്‍ സര്‍ക്കാര്‍ അംഗീകരിച്ചു.

എന്നാല്‍ ഈ മാനുവലില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന നിര്‍ദേശം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് അധ്യാപക സംഘടനകളുടെ അടക്കം അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച്‌ മാനുവല്‍ വീണ്ടും പരിഷ്‌കരിച്ചു. 15 അംഗ സമിതിയാണ് വിവിധ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച്‌ മാനുവല്‍ തയ്യാറാക്കിയത്.

ഹയര്‍സെക്കന്‍ഡറി മേഖലയിലെ വിവിധ പരീക്ഷകളെയും അവയുടെ നടത്തിപ്പിനേയും അനുവര്‍ത്തിക്കേണ്ടതായ കാര്യങ്ങളെയും സമഗ്രമായി മാനുവലില്‍ പ്രതിപാദിക്കുന്നതായി മന്ത്രി വ്യക്തമാക്കി. പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരുടെ ചുമതലകളെപ്പറ്റി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ മാനുവലിലുണ്ട്.

റീ വാല്യുവേഷനെ സംബന്ധിച്ച്‌ കാതലായ മാറ്റം വരുത്തി. റീ വാല്യുവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകള്‍ ഇരട്ട മൂല്യനിര്‍ണയം നടത്തണം. എല്ലാ ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്തിയിട്ടുണ്ടെന്നും, ഫെയ്‌സിങ് ഷീറ്റില്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കണക്കുകൂട്ടിയത് ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും മാനുവലില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കും. രണ്ടാം വര്‍ഷ തിയറി പരീക്ഷ എഴുതി വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും സാഹചര്യത്താല്‍ പ്രാക്ടിക്കല്‍ പരീക്ഷ ചെയ്യാനായില്ലെങ്കില്‍, സേ പരീക്ഷയില്‍ പ്രാക്ടിക്കല്‍ മാത്രമായി ചെയ്യാവുന്നതാണ്.

ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ പാനല്‍ തയ്യാറാക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വിഷയത്തിനും ലഭിച്ച ഗ്രേസ് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും. പരീക്ഷാ ജോലികള്‍ എല്ലാ അധ്യാപകര്‍ക്കും നിര്‍ബന്ധമാക്കിയതായും മന്ത്രി പറഞ്ഞു.

പ്രായോഗിക പരീക്ഷയിലെ സ്‌കോര്‍ സംബന്ധിച്ച പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍, പ്രാക്ടിക്കല്‍ പരീക്ഷാ മോണിറ്ററിങ് സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനിച്ചു. മൂല്യനിര്‍ണയം നടക്കുന്നത് ഉറപ്പാക്കാനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷാ സംബന്ധമായി ലഭിക്കേണ്ട എല്ലാ സേവനങ്ങളുടേയും പരിഷ്‌കരിച്ച അപേക്ഷാഫോമുകള്‍ മാനുവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

Leave a Reply