റിയാദ്: രാജ്യത്ത് മറ്റുള്ളവരുടെ പേരില്‍ വ്യാജമായി നടത്തുന്ന ബിനാമി ബിസിനസുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ ഓഫറുകളുമായി സൗദി അറേബ്യ. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ ബിനാമി സ്ഥാപനങ്ങളില്‍ നിന്ന് പിഴയായി ഈടാക്കുന്ന സംഖ്യയില്‍ നിന്നുള്ള ഒരു വിഹിതവും അവര്‍ക്ക് നല്‍കും.
ഇത്തരം നിയമവിരുദ്ധ സ്ഥാപനങ്ങളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥ പരിശോധനയ്‌ക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ട്രാക്കിംഗ് രീതിയും അധികൃതര്‍ അംവലംബിക്കുന്നുണ്ട്. സൗദി പൗരന്‍മാരുടെ പേരില്‍ വിദേശികള്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും അവര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ കൈക്കാലാക്കുകയും ചെയ്യുന്ന ബിനാമി സ്ഥാപനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ ഓഫറുകളുമായി വാണിജ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. കോടിക്കണക്കിന് റിയാലിന്റെ നഷ്ടമാണ് ഇതിലൂടെ രാജ്യത്തിന് ഉണ്ടാവുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
രാജ്യത്ത് ശരിയായ ഉടമസ്ഥരുടെ കീഴിലല്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പദവി ക്രമീകരിക്കാന്‍ 2022 ഫെബ്രുവരി വരെ സമയം നല്‍കിയിട്ടുണ്ട്. അതിനു മുമ്പായി സൗദിയില്‍ നിക്ഷേപം നടത്തുന്നതിലൂടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഉമസ്ഥാവകാശം സ്വന്തമാക്കാം. സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വദേശിയുമായി പാര്‍ട്ണര്‍ഷിപ്പുണ്ടാക്കുകയാണ് നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു വഴി.
2022 ഫെബ്രുവരി 16നുള്ളില്‍ പദവി ശരിയാക്കിയില്ലെങ്കില്‍ അഞ്ച് വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുകയും സ്വദേശികള്‍ക്ക് അഞ്ച് വര്‍ഷം വരെ ബിസിനസ് സംരഭങ്ങള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.