സിപിഎം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്തംഗം സലൂജ ഉൾപ്പടെ കണ്ടലറിയാവുന്ന 550 പേർക്കെതിരെ പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരം ആണ് പാറശാല പൊലീസ് കേസെടുത്തത്. മെഗാ തിരുവാതിരക്കെതിരെ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെയായിരുന്നു പരാതി. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്.