
കേന്ദ്ര ബജറ്റിന് മുന്നോടിയായി ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയിൽ ചേരും. അടിയന്തരമായി വിളിച്ച് ചേർത്ത ജിഎസ്ടി കൗൺസിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ വിഗ്യാൻ ഭവനിലാണ് ചേരുക. ചെരുപ്പുകൾക്കും വസ്ത്രങ്ങൾക്കും വർദ്ധിപ്പിച്ച 12 ശതമാനം നികുതി നാളെ മുതൽ നിലവിൽ വരാനിരിക്കെയാണ് ജിഎസ്ടി കൗൺസിൽ ചേരുന്നത്. 12 ശതമാനമായി വർദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു. നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടുമെന്നതിനാൽ പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം. ചെരുപ്പുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് വർദ്ധിപ്പിച്ച നികുതി ജിഎസ്ടി കൗൺസിൽ പുനപരിശോധിച്ചേക്കുമെന്നാണ് വിവരം. 46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണിത്.