തിരുവനന്തപുരം : കല്ലമ്പലത്ത് മാരക ലഹരിമരുന്നുകളുമായി യുവാക്കൾ പൊലീസ് പിടിയില്‍. വീടു വാടകയ്ക്ക് എടുത്ത് ലഹരിമരുന്നുകൾ വിൽപന നടത്തിയ വർക്കല മുണ്ടയിൽ മേലെ പാളയത്തിൽ വീട്ടിൽ വിഷ്ണു (30), വർക്കല മന്നാനിയ ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷംനാദ് (22), ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷിഫിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 17.850 ഗ്രാം എംഡിഎംഎയും 4 ഗ്രാം ഹഷീഷും പിടികൂടി. പൊലീസും എക്സൈസും എത്താതിരിക്കാൻ വീടിന്റെ അകത്തും പുറത്തും മുന്തിയ ഇനത്തില്‍പെട്ട നായ്ക്കളെ വളര്‍ത്തിയിരുന്നു.
വിഷ്ണുവിനെ കഴിഞ്ഞ വര്‍ഷവും 8.5 ഗ്രാം കഞ്ചാവുമായി വര്‍ക്കലയില റിസോർട്ടിൽനിന്നു പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ നേതൃത്വത്തിലാണ് കല്ലമ്പലത്തും ലഹരിക്കച്ചവടം നടന്നത്. വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വിഷ്ണു ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടവും അനാശാസ്യ പ്രവർത്തനവും നടക്കുന്നതായി നാട്ടുകാര്‍ വീട്ടുടമസ്ഥനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടിലാണ് ഇരുവരും പിടിയിലായത്. കല്ലമ്പലം പൊലീസും ഡാന്‍സാഫ് സംഘവും അതിസാഹസികമായാണ് ഇവരെ വീട്ടില്‍നിന്നും പിടികൂടിയത് .
ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ, വര്‍ക്കല എഎസ്പി വിജയ ഭാരത റെഡ്ഡി, നർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.ടി.രാസിത്ത്, കല്ലമ്പലം ഐഎസ്എച്ച്ഒ വി.കെ വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ കല്ലമ്പലം എസ്ഐ ദിപു സത്യദാസ്. ഡാന്‍സാഫ് എസ്ഐ ഫിറോസ് ഖാന്‍, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ ബി.ദിലീപ്, ആര്‍.ബിജു കുമാര്‍, സംഘാംഗങ്ങളായ അനൂപ്, സുനില്‍ രാജ്, വിനീഷ്, ഗോപന്‍ എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.