Spread the love
guest workers smashed three police jeeps and set one on fire

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് ജീവനക്കാർ തകർത്തത് മൂന്ന് പൊലീസ് ജീപ്പുകൾ. ഇതിൽ ഒന്ന് പൂർണമായും തീയിട്ട് നശിപ്പിച്ചു. 500 ഓളം പേരാണ് അക്രമം നടത്തിയത്. ഇവർക്കിടയിൽ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.

മദ്യലഹരിയിലായിരുന്നു തൊഴിലാളികൾ അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരമെന്ന് ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് കെ കാർത്തിക് പറഞ്ഞു. സ്ഥലത്ത് തർക്കം നടക്കുന്നതായി വിവരം കിട്ടിയാണ് രണ്ട് ജീപ്പുകളിലായി പൊലീസ് സംഘം എത്തിയത്. 500 ഓളം പേരാണ് സ്ഥലത്തുള്ളതെന്ന് വ്യക്തമായതോടെ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ഇതോടെ സിഐയും സ്ഥലത്തെത്തി.

അതുവരെ തമ്മിലടിച്ച തൊഴിലാളികൾ ഇതോടെ പൊലീസുകാർക്കെതിരെ തിരിഞ്ഞു. സ്ഥലത്ത് കല്ലേറുണ്ടായി. ഇതിലാണ് സിഐക്ക് തലക്ക് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന പൊലീസുകാർക്കും പരിക്കുണ്ട്. നാട്ടുകാരാണ് ഇവരെ രക്ഷിച്ചതെന്ന് നാട്ടുകാരിലൊരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പിന്നീടാണ് തൊഴിലാളികൾ പൊലീസ് ജീപ്പിന് തീയിട്ടത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. വിവരമറിഞ്ഞ് രാത്രി തന്നെ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. പൊലീസുകാർ പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ടെന്ന് കാർത്തിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിക്കേറ്റ പൊലീസുകാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply