Spread the love

ഇപ്പോൾ തന്റെ ഹോം ലൈബ്രറിയിലെ പുസ്തകങ്ങൾ വായനക്കാർക്കെല്ലാം എത്തിച്ചു കൊടുക്കുകയാണ് അദ്ദേഹം.

ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ എല്ലാ ദിവസവും തന്റെ മാരുതി ആൾട്ടോ കാറിൽ പുസ്തകങ്ങൾ നിറച്ചുകൊണ്ട് വീട്ടിൽനിന്നും ഇറങ്ങും. കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ പാറശാല നിയോജക മണ്ഡലത്തിലെയിലെ ഒമ്പത് പഞ്ചായത്തുകളിൽ ചെറുപ്പക്കാരും പ്രായമുള്ളവരുമായ ഒട്ടേറെ വായനക്കാരാണ് ബിജു ബാലകൃഷ്ണൻ്റെ മൊബൈൽ ലൈബ്രറി അവരുടെ വീട്ടുവാതിൽക്കൽ എത്തുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കവിയും സാംസ്കാരിക പ്രഭാഷകനുമായ ഇദ്ദേഹന്റെ ഗ്രന്ഥശേഖരത്തിൽ ഏഴായിരത്തിലധികം പുസ്തകങ്ങളുണ്ട്. അദ്ധ്യാപകനും ഗ്രന്ഥശാലാ പ്രവർത്തകനുമായ പിതാവ് ആദ്യകാലത്ത് വാങ്ങിയ വൈഞ്ജാനിക ഗ്രന്ഥങ്ങളും അക്കൂട്ടത്തിൽപ്പെടും.

“ഞങ്ങളുടെ വീട് നെയ്യാറ്റിൻകര താലൂക്കിൽ കാരക്കോണത്തെ ഹൈ സ്കൂളിന് സമീപത്തായതിനാൽ, അവധിക്കാലത്ത് കുട്ടികൾ വായിക്കുന്നതിനായി പുസ്തകങ്ങൾ വീട്ടിൽ വന്ന് വാങ്ങാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, കൊറോണ കാലമായതിനാൽ അവർക്ക് അതിന്ന് കഴിയുന്നില്ല. തുടക്കത്തിൽ, ചില മാതാപിതാക്കൾ ഞങ്ങളെഫോണിൽ വിളിച്ച് പുസ്തകങ്ങൾ ആവശ്യപ്പെട്ടു തുടങ്ങി. കോവിഡ് കാലമായതിനാൽ ആർക്കും തന്നെ വീട്ടിനു പുറത്തിറങ്ങി വന്ന് പുസ്തകം വാങ്ങാൻ കഴിയുമായിരുന്നില്ല. Covid volunter കൂടിയായ എനിക്ക് അപ്പോഴാണ് കാറിൽ പുസ്തകങ്ങൾ നിറച്ച് ആവശ്യക്കാർക്ക് നേരിട്ട് വിതരണം ചെയ്യാനുള്ള ആശയം തോന്നിയത്. എല്ലാ ദിവസവും വൈകുന്നേരം 3.30 ഓടെ ഞാൻ വീട്ടിൽ നിന്ന് പുറപ്പെടും. നൂറുകണക്കിന് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനായി ഏകദേശം 2 മണിക്കൂർ യാത്രചെയ്യും. പിന്നീട് നാട്ടിലെ ഗ്രന്ഥശാലകൾ ഈ മാതൃക സ്വീകരിച്ചപ്പോൾ ഇത്തിരി ഇടവേള ഞാൻ കൊടുത്തെങ്കിലും ആവശ്യക്കാർ വിളി തുടരുകയായിരുന്നു. വീണ്ടും പഴയതുപോലെഈ പ്രവർത്തനം തുടരുകയാണ്. എൻ്റെ ഗ്രന്ഥശേഖരത്തിലെ നാലായിരത്തോളം പുസ്തകങ്ങൾ ഇപ്പോൾ വായനക്കാരുടെ കൈവശമാണുള്ളത്…” -ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളേജിൽ മലയാളം അധ്യാപകനായ ഡോ.ബിജു ബാലകൃഷ്ണൻ പറയുന്നു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ റിസർച്ച് ഓഫീസറായ ഇദ്ദേഹം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാത്രമല്ല സ്ഥാപനം പ്രസിദ്ധീകരിച്ച നിരവധി ഗവേഷണ പുസ്തകങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിൽ ഉണ്ട്. വിവിധ ഹയർ സെക്കൻ്ററി സ്കൂളുകളിലും കോളേജുകളിലും മുമ്പ് അധ്യാപകനായിരുന്ന ഇദ്ദേഹത്തിൻ്റെ പുസ്തക ശേഖരത്തിൽ തമിഴ് കൃതികളുമുണ്ട്. അതിനാൽ അതിർത്തി ഗ്രാമങ്ങളിൽ തമിഴ് കൃതികൾക്കും ആവശ്യക്കാർ ഏറെയാണ്‌.
ഓരോ സ്ഥലത്തെയും പ്രാദേശിക ലൈബ്രറികളിലെ സുഹൃത്തുക്കൾ പുസ്തകം കൈപ്പറ്റിയവരുടെ വിവരങ്ങൾ സൂക്ഷിക്കുന്നുണ്ട്. പുസ്തകങ്ങൾ തിരിച്ചു കിട്ടുന്നതിന് അത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പുസ്തകങ്ങൾക്കൊപ്പം പഴയ കാലത്തെ നിരവധി പുസ്തകങ്ങളും വായനക്കാർ ചോദിച്ചു വാങ്ങുന്നുണ്ട്. ഈ അടച്ചുപൂട്ടൽ കാലത്ത് ജനങ്ങളുടെ ആശങ്കയകറ്റാനും മാനസികോല്ലാസം നല്കാനും വിദ്യാർത്ഥികളുടെ വായനയെ പരിപോഷിപ്പിക്കാനും ഈ സന്നദ്ധ പ്രവർത്തനത്തിലൂടെ കഴിയുന്നതിൽ എനിക്ക്അങ്ങേയറ്റം ചാരിതാർത്ഥ്യമുണ്ട്.” – ഡോ.ബിജു ബാലകൃഷ്ണൻ പറയുന്നു.


Leave a Reply