
അങ്ങാടിപ്പുറം: ഗുരുവായൂർ ദേവസ്വത്തിന് പുനർലേലം ചെയ്യേണ്ടിവന്ന മഹീന്ദ്ര ഥാർ വാഹനം കറങ്ങിത്തിരിഞ്ഞ് അങ്ങാടിപ്പുറം ‘ഗീതാഞ്ജലി’യിലെത്തി. ദുബായിൽ ബിസിനസുകാരനായ കമല നഗർ ‘ഗീതാഞ്ജലി’യിൽ വിഘ്‌നേഷ് വിജയകുമാറാണ് വാഹനം സ്വന്തമാക്കിയത്.
രാവിലെ ഏഴുമണിയോടെ ഗുരുവായൂരിലെത്തിയ വിഘ്‌നേഷിന്റെ അച്ഛൻ കുന്നത്ത് വിജയകുമാറും അമ്മ വള്ളിക്കാട്ട് ഗീതയും ദർശനത്തിനുശേഷമാണ് വാഹനം കൈമാറൽ ചടങ്ങുകൾക്കായി ദേവസ്വം ഓഫീസിൽ എത്തിയത്. ദേവസ്വം ഓഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എ.കെ. രാധാകൃഷ്ണൻ ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ വാഹനം പൂജിച്ചതിനുശേഷം ഡ്രൈവർ രാമകൃഷ്‌ണനാണ് ഥാർ വീട്ടിലെത്തിച്ചത്.
കഴിഞ്ഞ ഡിസംബർ ഒൻപതിനായിരുന്നു ഥാർ വാഹനം മഹീന്ദ്ര കമ്പനി ഗുരുവായൂരപ്പന് വഴിപാട് നൽകിയത്. ഈ വാഹനം ദേവസ്വം 18-ന് ലേലം നടത്തി. അടിസ്ഥാനവിലയായ 15 ലക്ഷത്തേക്കാൾ പതിനായിരം രൂപമാത്രം അധികവിലയ്ക്കായിരുന്നു ലേലത്തിൽ പോയത്. എന്നാൽ ലേലനടപടികൾ ദേവസ്വംചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഹിന്ദു സേവാകേന്ദ്രം ഹൈക്കോടതിയിൽ ഹർജി നൽകി. തുടന്ന് ആദ്യ ലേലം റദ്ദാക്കി പിന്നീട് പുനർലേലംചെയ്തു. 14 പേർ പുനർലേലത്തിൽ പങ്കെടുത്തു. വിഘ്‌നേഷിന് വേണ്ടി അച്ഛൻ വിജയകുമാറും കമ്പനി ജനറൽമാനേജർ അനൂപ് അരീക്കോട്ടുമാണ് ലേലത്തിൽ പങ്കെടുത്തത്.
അടിസ്ഥാനവിലയേക്കാൾ 28 ലക്ഷം രൂപ അധികം നൽകിയാണ് വിഘ്‌നേഷ് വിജയകുമാർ പുനർലേലത്തിൽ ഥാർ വാങ്ങിയത്. നേരത്തേ വാഹനം ലേലമെടുത്ത അമൽ മുഹമ്മദും എത്തിയിരുന്നു. 43 ലക്ഷവും ജി.എസ്.ടിയും ഉൾപ്പെടെ 48.1 ലക്ഷംരൂപയാണ് വിഘ്‌നേഷ് ദേവസ്വത്തിൽ അടച്ചത്. ഗുരുവായൂരപ്പ ഭക്തരായ ഞങ്ങൾക്ക് ഗുരുവായൂരപ്പന്റെ ഈ അനുഗ്രഹത്തിന് വിലമതിക്കാനാകില്ലെന്ന് വിഘ്‌നേഷിന്റെ അച്ഛൻ വിജയകുമാർ പറഞ്ഞു.