തൃശ്ശൂർ: ഇന്ന് ഗുരുവായൂർ ഏകാദശി. ഇന്നലെ പുലർച്ചെ മൂന്ന് മണിക്ക് തുറന്ന നട നാളെ രാവിലെ 9 മണി വരെ തുടർച്ചയായി തുറന്നിരിക്കും. ഇന്നു രാത്രി മുഴുവൻ ഭക്തർക്ക് ദർശനം നടത്താം.
ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഗീതാദിനവും ഇന്നുതന്നെയാണെന്നാണ് സങ്കൽപം. കൂത്തമ്പലത്തിൽ അഗ്നിഹോത്രികൾക്ക് ദ്വാദശിപ്പണ സമർപ്പണം ഇന്നു രാത്രി 12ന് ആരംഭിക്കും. ക്ഷേത്രത്തിനകത്ത് ശീവേലി അടക്കമുള്ള എല്ലാ ചടങ്ങുകളും നടക്കും. ശീവേലി കഴിഞ്ഞാൽ പ്രസിദ്ധമായ കിഴക്കോട്ടെഴുന്നള്ളിപ്പ് നടക്കും. ക്ഷേത്രാങ്കണം വിട്ട് പാർഥസാരഥി ക്ഷേത്രത്തിൽ പേയി തിരികെ എഴുന്നള്ളിക്കുന്നതാണ് കിഴക്കോട്ടെഴുന്നള്ളിപ്പ്.
രണ്ട് മണി വരെ പ്രത്യേക ദർശനം ഇല്ല
ഏകാദശി ദിവസം രാവിലെ ആറുമുതൽ പകൽ രണ്ടുവരെ ആർക്കും പ്രത്യേക ദർശനം അനുവദിക്കില്ല. ഈ സമയം ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് മാത്രമാകും ദർശനം. നെയ്‌വിളക്ക് ശീട്ടാക്കിയവർക്കും തത്സമയം ദർശനം അനുവദിക്കും. പകൽ രണ്ടിനുശേഷം വെർച്വൽ ക്യൂവിൽ ഉള്ളവർക്ക് മുൻഗണന നൽകി മറ്റുള്ളവർക്കും ദർശനം അനുവദിക്കും. നെയ്‌വിളക്ക് ദർശനവും തുടരും.